Football in Malayalam

പരിശീലനത്തിനിടെ സിദാനുമായി വാഗ്വാദത്തിലേർപ്പെട്ടു; ഗ്രനഡെക്കെതിരെയുള്ള റയൽ മാഡ്രിഡ് ടീമിൽ നിന്നും മാഴ്‌സലോ പുറത്ത്

Gokul Manthara
Real Madrid v Celta de Vigo - La Liga Santander
Real Madrid v Celta de Vigo - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ട്രെയിനിംഗ് സെഷനിടെ പരിശീലകൻ സിനദിൻ സിദാനുമായി വാദപ്രതിവാദത്തിലേർപ്പെട്ട പ്രതിരോധ സൂപ്പർ താരം മാഴ്സലോയെ ഇന്ന് ഗ്രനഡക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കി റയൽ മാഡ്രിഡ്. കഴിഞ്ഞ കുറച്ച് നാളുകളായി സിദാന്റെ പരിശീലന തന്ത്രങ്ങളിൽ തൃപ്തനല്ലാത്ത മാഴ്സലോ, റയൽ ബോസുമായി അത്ര മികച്ച ബന്ധത്തിലല്ലെന്നാണ് അഭ്യൂഹങ്ങൾ.

ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ ട്രെയിനിംഗ് സെഷനിടെ മാഴ്സലോ, സിദാനുമായി വാക്കു തർക്കത്തിലേർപ്പെട്ടു. അതിന്റെ അനന്തരഫലമെന്നോണമാണ് ഗ്രനഡക്കെതിരായ ലാലീഗ മത്സരത്തിനുള്ള സ്ക്വാഡിൽ നിന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായിരിക്കുന്നതെന്നാണ് ഗോൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ‌ സീസണിലെ സിദാന്റെ പരിശീലന തന്ത്രങ്ങളിലും അദ്ദേഹം തിരഞ്ഞെടുക്കുന്ന ടീം ലൈനപ്പുകളിലും മാഴ്സലോ അതൃപ്തനാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പം ക്ലബ്ബിൽ തന്റെ കളി സമയം കുറഞ്ഞ് വരുന്നതും സിദാനോടുള്ള മാഴ്സലോയുടെ അതൃപ്തി വർധിപ്പിച്ചു. ചൊവ്വാഴ്ച ടീം പരിശീലനം നടത്തുന്നതിനിടെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാഴ്സലോ, സിദാനുമായി വാദപ്രതിവാദത്തിലേർപ്പെടുകയായിരുന്നുവെന്നാണ് സൂചനകൾ. സംഭവം ക്ലബ്ബിനുള്ളിൽ വലിയ വിവാദമായതോടെ ഗ്രനഡക്കെതിരായ മത്സരദിന സ്ക്വാഡിൽ നിന്ന് മാഴ്സലോയുടെ സ്ഥാനവും തെറിക്കുകയായിരുന്നു.

മാഴ്സലോക്ക് പുറമേ റയൽ മാഡ്രിഡിലെ മറ്റ് ചില സീനിയർ താരങ്ങൾക്കും സിദാന്റെ പരിശീലന ശൈലിയോട് താല്പര്യമില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ. പല കളികാരും സിദാന്റെ രീതികൾ മടുത്തുവെന്നും അദ്ദേഹം ക്ലബ്ബിൽ നിന്ന് സ്ഥാനമൊഴിയാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.

അതേ സമയം പരിക്കിനെത്തുടർന്ന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്നുറപ്പായ ഫെർലാൻഡ് മെൻഡിക്ക് പുറമേ ഇപ്പോൾ മാഴ്സലോയും ഗ്രനഡക്കെതിരായ മത്സരത്തിനുള്ള സ്ക്വാഡിൽ നിന്ന് പുറത്തായതോടെ അക്കാദമി താരമായ മിഗ്വൽ ഗുട്ടിറസിന് ഇന്ന് ആദ്യ ഇലവനിൽ ഇടം ലഭിക്കുമെന്നാണ് സൂചനകൾ. ഈ സീസണിൽ മൂന്ന് മത്സരങ്ങൾ ഗുട്ടിറസ് കളിച്ചിട്ടുണ്ടെങ്കിലും ഇതേ വരെ സ്റ്റാർട്ടിംഗ് ഇലവനിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ടീമിന്റെ പ്രതിരോധ സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ഇപ്പോൾ വലിയൊരു ഉത്തരവാദിത്വമാണ് ഗ്രനഡക്കെതിരെ 19കാരനായ ഗുട്ടിറസ് ഏറ്റെടുക്കാൻ പോകുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit