Real Madrid News

മെൻഡിയുടെ അഭാവത്തിലും മാഴ്‌സലോയെ ഒഴിവാക്കിയതിന്റെ കാരണം ട്രെയിനിങ് ഗ്രൗണ്ടിലെ പ്രശ്‌നങ്ങളല്ലെന്ന് സിദാൻ

Sreejith N
Real Madrid v Chelsea - UEFA Champions League
Real Madrid v Chelsea - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

ഗ്രനാഡക്കെതിരെ റയൽ മാഡ്രിഡ് വിജയം നേടിയ ലാ ലിഗ മത്സരത്തിൽ ഫെർലാൻഡ് മെൻഡിയുടെ അഭാവത്തിലും മാഴ്‌സലോക്ക് അവസരം നൽകാതിരുന്നത് ബ്രസീലിയൻ താരം പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്തതു കൊണ്ടാണെന്നു വ്യക്തമാക്കി സിനദിൻ സിദാൻ. നേരത്തെ ട്രെയിനിങ് ഗ്രൗണ്ടിൽ ടീമിന്റെ ടാക്റ്റിക്‌സുകളെ സംബന്ധിച്ച് മാഴ്‌സലോയുമായി തർക്കങ്ങളുണ്ടായെന്ന അഭ്യൂഹങ്ങൾ സിദാൻ നിരാകരിക്കുകയും ചെയ്‌തു.

ഫസ്റ്റ് ചോയ്‌സ് ലെഫ്റ്റ് ബാക്കായ മെൻഡിയുടെ അഭാവത്തിൽ ഇന്നലെ പത്തൊൻപതു വയസുകാരനായ മിഗ്വൽ ഗുട്ടിറെസിനെയാണ് സിദാൻ പരീക്ഷിച്ചത്. ലൂക്ക മോഡ്രിച്ച് നേടിയ ആദ്യത്തെ ഗോളിന് അവസരമൊരുക്കി ഗുട്ടിറെസ് തന്നെ തിരഞ്ഞെടുത്ത തീരുമാനത്തെ ശരി വെക്കുകയും ചെയ്‌തു. മാഴ്‌സലോക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതു കൊണ്ട് കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് താരത്തെ പുറത്തിരുത്തിയതെന്ന് സിദാൻ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച പ്രകടനം കാഴ്ച വെക്കാൻ പരാജയപ്പെടുന്നതും ഫിറ്റ്നസില്ലായ്‌മയും മൂലം ടീമിൽ സ്ഥിരസാന്നിധ്യമല്ലാത്ത മാഴ്‌സലോയെ സെവിയ്യക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഇറക്കിയിരുന്നെങ്കിലും അറുപത്തിയാറാം മിനുട്ടിൽ പിൻവലിച്ച് ഗുട്ടിറസിനെ സിദാൻ പരീക്ഷിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലകനും ബ്രസീലിയൻ താരവും തമ്മിൽ വാക്കേറ്റമുണ്ടായെന്ന വാർത്തകൾ പുറത്തു വന്നത്.

ഗ്രനാഡക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകളുടെ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ലൂക്ക മോഡ്രിച്ചിനു പുറമെ റോഡ്രിഗോ ഗോസ്, അൽവാരോ ഓഡ്രിയോസോള, കരിം ബെൻസിമ എന്നിവരാണ് ടീമിന്റെ ഗോളുകൾ നേടിയത്. ഇതോടെ അത്ലറ്റികോ മാഡ്രിഡിനു രണ്ടു പോയിന്റ് മാത്രം പിന്നിലെത്തി കിരീടപ്പോരാട്ടത്തിൽ സമ്മർദ്ദമേറ്റാൻ റയലിനു കഴിഞ്ഞു.

"ഞങ്ങൾ മുന്നോട്ടു പോകും. രണ്ടു മത്സരങ്ങൾ ഇനിയും ബാക്കിയുണ്ട്. അവസാനം വരെ, ലീഗ് തീരുന്ന അവസാന നിമിഷം വരെ ഇന്നത്തെ പോലെ ഞങ്ങൾ എല്ലാം നൽകി പോരാടും, ബാക്കി കണ്ടറിയേണ്ടതാണ്." സിദാൻ മത്സരത്തിനു ശേഷം ആത്മവിശ്വാസത്തോടെ പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit