ലയണൽ മെസി ഈ സമ്മറിൽ തന്നെ ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്ന് മറഡോണയുടെ മകൻ


ലയണൽ മെസി ഈ സമ്മറിൽ തന്നെ ബാഴ്സലോണയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് ഡീഗോ മറഡോണയുടെ മകനായ ഡീഗോ സിനഗാര. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറേണ്ടി വന്ന താരം അവിടെ ഒട്ടും തൃപ്തനല്ലെന്നാണ് ഇറ്റലിയിലെ ലോവർ ലീഗ് ക്ലബുകളിലൊന്നായ നാപ്പോളി യുണൈറ്റഡിന്റെ പരിശീലകനായ സിനഗാര പറയുന്നത്.
2004 മുതൽ ബാഴ്സലോണക്കു വേണ്ടി കളിക്കുന്ന ലയണൽ മെസി ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് സമ്മറിൽ പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാൽ ഫ്രഞ്ച് ലീഗുമായും ഫ്രാൻസിലെ ജീവിതവുമായും പൊരുത്തപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത താരത്തിന് തന്റെ മികച്ച പ്രകടനം നടത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്ന് മെസിക്കെതിരെ ഫ്രാൻസിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.
"ലയണൽ മെസി ബാഴ്സലോണയിലേക്ക് തിരിച്ചു വരുമെന്ന കാര്യം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്, ചിലപ്പോൾ ഈ സമ്മറിൽ തന്നെ അതുണ്ടായേക്കും. ഫ്രാൻസിൽ അദ്ദേഹം സന്തോഷവാനല്ല. ഒരു മഹത്തായ താരമാണ് മെസി എന്നതിനാൽ തന്നെ എവിടെ കളിക്കുന്ന സമയത്തും അതു കളിച്ചു തെളിയിക്കണം. പക്ഷെ താരത്തിന്റെ ഇടം ബാഴ്സലോണയാണ്, സംശയമില്ല." സിനഗാര ഡിയാരിയോ സ്പോർട്ടിനോട് പറഞ്ഞു.
മെസി ക്ലബ് വിട്ടതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയും ലീഗിൽ നാലാം സ്ഥാനത്തേക്കു വീഴുകയും ചെയ്ത ബാഴ്സലോണക്കെതിരെ നടക്കുന്ന വിമർശനത്തിൽ യാതൊരു കാര്യവുമില്ലെന്നും സിനഗാര പറഞ്ഞു. മെസി പോലെയൊരു താരം ക്ലബ് വിടുമ്പോൾ ഈ തകർച്ച വളരെ സ്വാഭാവികമായ ഒന്നാണെന്നും ജനുവരി ജാലകത്തിൽ നടത്തിയ ട്രാൻസ്ഫറുകൾ ക്ലബിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലയണൽ മെസിയെ മറഡോണയുടെ താരതമ്യം ചെയ്യുന്നതിൽ തനിക്കുള്ള വിയോജിപ്പും സിനഗാര പ്രകടിപ്പിച്ചു. മറഡോണയെ അർജന്റീനയിലോ ലോകത്തോ ഉള്ള മറ്റാരുമായും താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഫുട്ബോൾ ചരിത്രത്തിൽ മറഡോണക്കു ശേഷം മാത്രമേ ലയണൽ മെസിക്കു സ്ഥാനമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.