Football in Malayalam

കൊവിഡ് വീണ്ടും ഫുട്‌ബോളിനു ഭീഷണിയാകുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡിന്റേതടക്കമുള്ള പ്രീമിയർ ലീഗ് മത്സരങ്ങള്‍ മാറ്റി

Haroon Rasheed
Everton v Manchester United - Premier League
Everton v Manchester United - Premier League / Clive Brunskill/GettyImages
facebooktwitterreddit

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു കൊവിഡ് മഹാമാരിയെ കീഴിടക്കി ഫുട്‌ബോള്‍ മൈതാനങ്ങള്‍ സജീവമായത്. കൊവിഡ് ഭീഷണി മാറിയതോടെ സ്‌റ്റേഡിയത്തില്‍ കാണികള്‍കൂടി തിരിച്ചെത്തിയപ്പോള്‍ പഴയ പ്രതാപത്തിലേക്ക് ഫുട്‌ബോള്‍ മൈതാനങ്ങള്‍ തിരിച്ചെത്തി. എന്നാല്‍ വീണ്ടും കൊവിഡ് കളിക്കളങ്ങളെ കീഴടക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കൊവിഡ് കാരണം പ്രീമിയര്‍ ലീഗിലെ നിരവധി മത്സരങ്ങളാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മാറ്റിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബ്രൈറ്റണും തമ്മിലുള്ള മത്സരം മാറ്റിവെച്ചതായി ക്ലബ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. '' താരങ്ങളുടെയും ടീം സ്റ്റാഫിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഇന്ന് ബ്രൈറ്റണുമായി നടക്കാനിരുന്ന മത്സരം മാറ്റിവെച്ചതായും ആരാധകര്‍ നേരിട്ട നിരാശയിലും അസൗകര്യത്തിലും ഖേദിക്കുന്നതായും '' യുണൈറ്റഡ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

യുണൈറ്റഡ് ടീം സ്റ്റാഫ് അംഗങ്ങള്‍ക്ക് കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശീലനവും യുണൈറ്റഡ് റദ്ദാക്കിയിരുന്നു. രണ്ട് ദിവസം മുന്‍പ് നടക്കേണ്ടിയിരുന്ന ബേണ്‍ലി-വാട്‌ഫോര്‍ഡ് മത്സരവും കൊവിഡ് കാരണം മാറ്റിവെച്ചിരുന്നു. ലെസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലെസ്റ്റര്‍ സിറ്റി - ടോട്ടന്‍ഹാം മത്സരവും കൊവിഡ് കാരണം മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. ലെസ്റ്റര്‍ സിറ്റി ടീമിലെ താരങ്ങള്‍ക്ക് കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടോട്ടനവുമായി നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചതെന്ന് ലെസ്റ്റര്‍ സിറ്റി അറിയിച്ചു.

ഇതിനു പുറമെ സൗത്താംപ്ടൺ vs ബ്രെന്റ്ഫോഫ്, നോർവിച്ച് vs വെസ്റ്റ്ഹാം, വാട്ഫോഡ് vs ക്രിസ്റ്റൽ പാലസ്, എവെർട്ടൻ vs ലെസ്റ്റർ എന്നീ മത്സരങ്ങളും മാറ്റി വെച്ചിട്ടുണ്ട് കൊവിഡ് സ്ഥിരീകരിച്ചവരും സമ്പര്‍ത്തക്കില്‍ ഏര്‍പ്പെട്ടവും നിരീക്ഷണത്തില്‍ തുടരുകയാണ്.അതിനെ തുടര്‍ന്നാണ് മത്സരം നടത്താന്‍ കഴിയാത്തതെന്നും ക്ലബ് സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കി. മത്സരം നടത്തുന്ന പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും വിവധ ക്ലബുകള്‍ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit