ഇന്ത്യയിലെ ആഭ്യന്തര ഫുട്ബോൾ സീസണിന്റെ ദൈർഘ്യം വർദ്ധിപ്പിക്കണമെന്ന് മനോലോ മാർക്കസ്

ഇന്ത്യന്‍ ഫുട്‌ബോളിനെ സഹായിക്കുന്നതിന് വേണ്ടി അഭ്യന്തര ഫുട്‌ബോള്‍ സീസണ്‍ ദൈർഘ്യം വര്‍ധിപ്പിക്കണമെന്ന് ഹൈദരാബാദ് എഫ്.സി പരിശീലകന്‍ മനോലോ മാര്‍ക്കസ്. ഐ.എസ്.എല്‍ സീസണിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യുവതാരങ്ങള്‍ ഉയര്‍ന്ന് വരാന്‍ അത് കാരണമാകുമെന്നും മാര്‍ക്കസ് വ്യക്തമാക്കി.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ക്കസ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തുള്ള മറ്റുള്ള ലീഗുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചു മാസമെന്നത് വളരെ ചെറിയ കാലമാണെന്നും സീസണിന്റെ ദൈര്‍ഘ്യം ഇനിയും ക്രമീകരിക്കേണ്ടതുണ്ടെന്നുമാണ് മാര്‍ക്കസ് വ്യക്തമാക്കിയത്.
"ഡ്യൂറാണ്ട് കപ്പ്, ഐ.എസ്.എല്‍, സൂപ്പര്‍ കപ്പ് എന്നിങ്ങനെ മൂന്ന് കോമ്പറ്റീഷനുകൾ ഉള്ള, ഞങ്ങളുടെ കാര്യത്തിൽ എ.എഫ്.സി കപ്പിനുള്ള ക്വാളിഫിക്കേഷൻ ഉൾപ്പെടെ നാല് (കോമ്പറ്റീഷനുകൾ) ഉള്ള ഒരു ദൈർഘ്യമേറിയ സീസൺ ഇന്ത്യന്‍ ഫുട്‌ബോളിന് മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്നില്ലെങ്കിൽ നല്ല വികസനം അസാധ്യമാണ്," മാര്‍ക്കസ് വ്യക്തമാക്കി.
"ആറ്-ഏഴ് മാസത്തെ ഓഫ് സീസണ്‍ വളരെ ദൈര്‍ഘ്യമേറിയതാണ്. ഓരോ സീസണ് ശേഷവും മികച്ച ഇന്ത്യന്‍ കളിക്കാന്‍ ഉയര്‍ന്ന് വരുന്നുണ്ട്. അങ്ങനെ കൂടുതൽ പേർ ഉയർന്നു വരുകയും, അവര്‍ ദേശീയ ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യും," മാര്‍ക്കസ് കൂട്ടിച്ചേര്‍ത്തു.
2014ല്‍ എട്ട് ടീമുകളുമായി തുടങ്ങിയ ഐ.എസ്.എല്ലില്‍ ഇപ്പോള്‍ 11 ടീമുകളാണ് കളിക്കുന്നത്. അവസാന സീസണില്‍ ഹൈദരാബാദ് എഫ്.സിക്കൊപ്പം ഐ.എസ്.എല്‍ കിരീടം നേടിയ പരിശീലകനാണ് മാര്‍ക്കസ്.