Transfers

മാനെ ലിവർപൂൾ വിടാൻ കാരണമായി പ്രചരിക്കപ്പെടുന്ന കാര്യങ്ങൾ തെറ്റാണെന്ന് താരത്തിന്റെ ഏജന്റ്

Sreejith N
Mane's Agent Denies Liverpool Exit Was Down To Salary
Mane's Agent Denies Liverpool Exit Was Down To Salary / ANP/GettyImages
facebooktwitterreddit

ലിവർപൂളിൽ ലഭിക്കുന്ന പ്രതിഫലം കുറവായതു കൊണ്ടാണ് സാഡിയോ മാനെ ക്ലബ് വിട്ടതെന്ന വാർത്തകൾ താരത്തിന്റെ ഏജന്റ് നിഷേധിച്ചു. 2016ൽ സൗത്താംപ്റ്റണിൽ നിന്നും ലിവർപൂളിലേക്ക് ചേക്കേറിയ സാഡിയോ മാനെ തന്റെ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് വിട്ട് ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയത്.

2016ൽ ലിവർപൂളിലെത്തിയ സാഡിയോ മാനെ 2018-19 സീസണിനു തുടക്കത്തിലാണ് ലിവർപൂളുമായി കരാർ പുതുക്കുന്നത്. 2023 വരെ കരാർ പുതുക്കിയ താരത്തിന് ആഴ്‌ചയിൽ ഒരു ലക്ഷം പൗണ്ട് മാത്രമായിരുന്നു പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. മാനേയുടെ പ്രതിഭയും കളിക്കളത്തിലെ ആത്മവിശ്വാസവും ആത്മാർത്ഥതയും പരിഗണിക്കുമ്പോൾ ഈ തുക ചെറുതാണെന്നതിൽ യാതൊരു സംശയവുമില്ല.

ലിവർപൂൾ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ താരം ബയേണിലേക്ക് പെട്ടന്നു ചേക്കേറിയത് പ്രതിഫലം വളരെ കുറഞ്ഞതു കൊണ്ടാണെന്ന ചർച്ചകൾ ഫുട്ബോൾ ലോകത്ത് ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം തെറ്റായ വാർത്തകളാണെന്നും താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകൾ തെറ്റാണെന്നുമാണ് ഏജന്റായ ബകാരി സിസെ പറയുന്നത്.

"അതെല്ലാം തെറ്റായ വാർത്തകളാണ്. മാനെയെപ്പോലെ കഴിവുള്ള ഒരു താരത്തിന് ആളുകൾ പറയുന്നതു പോലെയൊരു പ്രതിഫലമല്ല ഉണ്ടായിരിക്കുക. പ്രചരിക്കപ്പെടുന്ന കണക്കുകൾ എല്ലാം തെറ്റാണ്. സാഡിയോ സൗത്താംപ്ടണിൽ നിന്നും വാങ്ങിയതിനേക്കാൾ കൂടുതൽ ലിവർപൂളിൽ ലഭിച്ചിരുന്നു. 2018ൽ കരാർ പുതുക്കിയ താരത്തിന്റെ പ്രതിഫലം പ്രചരിപ്പിക്കപ്പെടുന്നതിനേക്കാൾ കൂടുതലായിരുന്നു." ടിവി5 മൊണ്ടേയോട് സിസെ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബയേൺ മ്യൂണിക്ക് താരത്തിന്റെ ജേഴ്‌സി നമ്പർ അടക്കമുള്ള വിവരങ്ങൾ പ്രഖ്യാപിച്ചത്. ബയേണിൽ ജേഴ്‌സി നമ്പർ 17 അണിയുന്ന മാനെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ വേണ്ടിയാണ് താൻ ലിവർപൂൾ വിട്ടതെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit