സലാ തന്റെ എതിരാളിയല്ല, ഈജിപ്ഷ്യൻ താരവുമായി മികച്ച സൗഹൃദമുണ്ടെന്ന് മാനെ


മൊഹമ്മദ് സലാ തന്റെ എതിരാളിയാണെന്ന വാദങ്ങളെ തള്ളി മുൻ ലിവർപൂൾ താരം സാഡിയോ മാനെ. ഈജിപ്ഷ്യൻ താരവുമായി മികച്ച സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂൾ വിട്ട് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ മുപ്പതുകാരനായ താരം പറഞ്ഞു.
കഴിഞ്ഞ ദിവസം 2022ലെ ഏറ്റവും മികച്ച ആഫ്രിക്കൻ താരം എന്ന നേട്ടം മാനെ സ്വന്തമാക്കിയിരുന്നു. സലായെ പിന്തള്ളിയാണ് മാനെ പുരസ്കാരം സ്വന്തമാക്കിയത്. എന്നാൽ ഇതുപോലെയുള്ള മത്സരം നിലനിൽക്കുമ്പോൾ തന്നെ താരവുമായി നല്ല സൗഹൃദമുണ്ടെന്ന് മാനെ വ്യക്തമാക്കി.
"ഞാനും സലായും തമ്മിൽ മത്സരമുണ്ടെന്ന് പലരും പറയുന്നു. എന്നാൽ ആത്മാർത്ഥമായി പറഞ്ഞാൽ ഞാൻ ഒരു താരവുമായും മത്സരിക്കുന്നയാളല്ല. ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്, സന്ദേശങ്ങൾ അയക്കാറുണ്ട്. മീഡിയയാണ് കാര്യങ്ങൾ വഷളാക്കുന്നത്."
"എനിക്ക് ഒരേയൊരു താരവുമായല്ല ബന്ധമുള്ളത്. മറിച്ച് ഞാൻ ലോകത്ത് കളിച്ചിട്ടുള്ള എല്ലാ ക്ളബുകളിലെ താരങ്ങളുമായും അതുണ്ട്. ക്ളബിലിപ്പോൾ ഉള്ളവരുമായോ ഞാൻ പോകുന്ന ഇടങ്ങളിലെയോ താരങ്ങളോട് നിങ്ങൾക്ക് ചോദിക്കാം. എനിക്ക് അവരുമായെല്ലാം മികച്ച ബന്ധമുണ്ട്." പുരസ്കാരം സ്വീകരിച്ച് മാധ്യമങ്ങളോട് മാനെ പറഞ്ഞു.
ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സെനഗലിന് നേടിക്കൊടുത്തതാണ് സാഡിയോ മാനെയെ ആഫ്രിക്കയിലെ മികച്ച താരമെന്ന പുരസ്കാരത്തിന് അർഹമാക്കിയത്. ബയേൺ മ്യൂണിക്കിനൊപ്പം പുതിയ നേട്ടങ്ങൾ സ്വന്തമാക്കാമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.