ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം പ്രധാനപ്പെട്ട വാർത്തയുണ്ടാകും, ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മാനെ

Mane Hints He Will Stay With Liverpool Next Season
Mane Hints He Will Stay With Liverpool Next Season / Sebastian Frej/MB Media/GettyImages
facebooktwitterreddit

ലിവർപൂളിൽ താൻ തുടരുമോയെന്നതിനെ സംബന്ധിച്ച് പ്രധാന വാർത്ത ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം ഉണ്ടാകുമെന്ന് സാഡിയോ മാനെ. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരം സമ്മറിൽ ലിവർപൂൾ വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുമെന്ന സൂചനകളാണ് താരം നൽകുന്നത്.

സൗത്താംപ്ടണിൽ നിന്നും ലിവർപൂളിൽ എത്തിയതിനു ശേഷം ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറിയ സാഡിയോ മാനെ 268 മത്സരങ്ങളിൽ നിന്നും 120 ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരം ക്ലബിനൊപ്പം കറബാവോ കപ്പ്, എഫ്എ കപ്പ് എന്നിവ നേടിയതിനു ശേഷമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിനായി തയ്യാറെടുക്കുന്നത്.

"സത്യസന്ധമായി എനിക്കിപ്പോൾ നൽകാനുള്ള ഉത്തരം നല്ല സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ്, ഞാൻ ശനിയാഴ്‌ച നടക്കാനിരിക്കുന്ന മത്സരത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഫൈനലിനു മുൻപ് ഞാൻ നൽകുന്ന മറുപടിയും അതു തന്നെയാകും. എന്നാൽ ശനിയാഴ്‌ച എന്റെ അടുത്തേക്ക് വന്നാൽ ഞാൻ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട വാർത്ത നൽകും."

"നിങ്ങൾക്ക് കേൾക്കാൻ ആഗ്രഹമുള്ള എല്ലാം ഞാൻ നൽകും. പക്ഷെ ഇപ്പോൾ കിരീടവിജയം നേടുകയെന്നല്ലാതെ മറ്റൊന്നിനും എനിക്ക് സമയമില്ല. അതു വിജയിക്കാൻ വേണ്ടി ഞാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. കാരണം എന്റെയും എന്റെ സഹതാരങ്ങളുടെയും വലിയ സ്വപ്‌നമാണത്. അതിനു ശേഷം ഞാൻ മറുപടി നൽകാം." മാനെ മാധ്യമങ്ങളോട് പറഞ്ഞു.

മാനെയെ സംബന്ധിച്ച് ഈ സീസൺ വലിയ നേട്ടങ്ങളുടേതാണ്. ലിവർപൂളിനൊപ്പം നേടിയ രണ്ട് ആഭ്യന്തര കിരീടങ്ങൾക്കൊപ്പം സെനഗലിനൊപ്പം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നേടാനും മാനെക്കായി. പ്രീമിയർ ലീഗിൽ അവസാനം വരെ പൊരുതിയ ടീമിന് രണ്ടാം സ്ഥാനമേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും ചാമ്പ്യൻസ് ലീഗ് നേടി സീസൺ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കാനാവും മാനെയും ലിവർപൂളും ശ്രമിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.