രണ്ടു തവണ സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ആലോചിച്ചു, ഇനി ലക്‌ഷ്യം ലോകകിരീടമെന്ന് റോബർട്ടോ മാൻസിനി
By Sreejith N

ഇറ്റാലിയൻ ദേശീയടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങുന്ന കാര്യം രണ്ടു തവണ താൻ പരിഗണിച്ചുവെന്ന് നിലവിൽ ടീമിന്റെ കോച്ചായ റോബർട്ടോ മാൻസിനി. എന്നാൽ ആ പദ്ധതികൾ മാറ്റി ഇറ്റലിക്കൊപ്പം തുടരാൻ തീരുമാനിച്ച അദ്ദേഹം ഇനി ലോകകപ്പ് നേടുകയാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
മാൻസിനിക്കു കീഴിൽ ഒരു വർഷത്തിനിടയിൽ വലിയ ഉയർച്ചയും താഴ്‌ചയും ഇറ്റലിക്കുണ്ടായി. 2021ൽ നടന്ന യൂറോകപ്പിൽ കിരീടം നേടിയ ഇറ്റലി അതിനു ശേഷം ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാവാതെ പ്ലേ ഓഫിൽ നോർത്ത് മാസിഡോണിയയോടു തോറ്റ് പുറത്തായി. തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതിരിക്കുന്നത്.
ഇറ്റലിക്ക് യൂറോ കിരീടം നേടിക്കൊടുത്തതിനു ശേഷവും നോർത്ത് മാസിഡോണിയയോടുള്ള തോൽവിക്കു പിന്നാലെയും താൻ ഇറ്റലിയുടെ പരിശീലകസ്ഥാനം ഒഴിയുന്ന കാര്യം പരിഗണിച്ചിരുന്നു എന്നാണു മാൻസിനി പറയുന്നത്. "അതു രണ്ടാം തവണയായിരുന്നു. ഞാൻ വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിലായിരുന്നു. വെംബ്ലിക്ക് ശേഷവും ഞാനത് ആലോചിച്ചിരുന്നു, പക്ഷെ ലോകകപ്പ് ഒരു വർഷത്തിനു ശേഷമുണ്ടായിരുന്നു."
"ഞാൻ മാനേജർ ആയതിനു ശേഷം രണ്ടു ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. യൂറോ കപ്പും ലോകകപ്പും നേടുക. ഒരു വർഷം മുൻപ് കിരീടം എന്റെ കയ്യിൽ വെച്ച് ഞാൻ പറഞ്ഞു അടുത്ത കിരീടത്തിനായി ഞാൻ പോകുന്നു. ഖത്തർ ലോകകപ്പിനെ കുറിച്ചാണ് ഞാൻ ചിന്തിച്ചതെങ്കിലും അതിപ്പോഴില്ല. എന്നാൽ ഞങ്ങൾ ഒരെണ്ണം വിജയിക്കുമെന്ന് ഞാൻ തുടർന്നും ചിന്തിക്കും." മാൻസിനി ലാ ഗസറ്റ ഡെല്ല സ്പോർട്ടിനോട് പറഞ്ഞു.
ലോകകപ്പ് യോഗ്യത അപ്രതീക്ഷിതമായി നഷ്‌ടമായെങ്കിലും ഇറ്റലിയെ ഇനിയും മികച്ച രീതിയിൽ മുന്നോട്ടു നയിക്കാൻ മാൻസിനിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തിന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ വീണ്ടും അവസരം നൽകിയത്. തകർച്ചയിൽ നിന്നും ഉയർത്തി യൂറോ കിരീടം സ്വന്തമാക്കിയ മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകന് വീണ്ടും അതിനു കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.