Football in Malayalam

ഓസ്ട്രിയക്കെതിരായ പ്രീ ക്വാർട്ടർ വിജയം ക്വാർട്ടർ ഫൈനൽ പോരാട്ടത്തെക്കാൾ കടുപ്പമെന്ന് ഇറ്റലി പരിശീലകൻ മാൻസിനി

Sreejith N
Italy v Austria - UEFA Euro 2020: Round of 16
Italy v Austria - UEFA Euro 2020: Round of 16 / Chris Brunskill/Fantasista/Getty Images
facebooktwitterreddit

യൂറോ കപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ തങ്ങളുടെ കഴിവു മുഴുവൻ പുറത്തെടുത്തു പൊരുതിയ ഓസ്ട്രിയക്കെതിരെ എക്‌സ്ട്രാ ടൈം വരെയെത്തി നേടിയ വിജയം വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തെക്കാൾ കടുപ്പമേറിയതാണെന്ന് ഇറ്റലിയുടെ പരിശാലകനായ റോബർട്ടോ മാൻസിനി. ക്വാർട്ടർ ഫൈനലിൽ ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളായ ബെൽജിയത്തെയോ പോർചുഗലിനെയോ നേരിടണമെന്ന സാഹചര്യമുണ്ടെന്നിരിക്കെയാണ് മാൻസിനി ഇത്തരമൊരു പ്രതികരണം നടത്തിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നേടിയ വിജയത്തോടെ ഏറ്റവുമധികം മത്സരങ്ങളിൽ അപരാജിത കുതിപ്പെന്ന സ്വന്തം റെക്കോർഡ് പുതുക്കാൻ ഇറ്റലിക്ക് കഴിഞ്ഞിരുന്നു. തുടർച്ചയായ മുപ്പത്തിയൊന്നു മത്സരങ്ങളിലാണ് മാൻസിനിയും സംഘവും പരാജയമറിയാതെ മുന്നേറുന്നത്. എന്നാൽ എക്‌സ്ട്രാ ടൈമിനു മുൻപു തന്നെ മത്സരം സ്വന്തമാക്കാനുള്ള അവസരം ടീമിന് ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് മാൻസിനി പറഞ്ഞു.

"കോർണറിലൂടെ ഞങ്ങൾ ഒരു ഗോൾ വഴങ്ങിയെങ്കിലും അർഹിച്ച വിജയം തന്നെയാണ് ടീം സ്വന്തമാക്കിയത്. എക്‌സ്ട്രാ ടൈമിലേക്ക് മത്സരമെത്തിക്കാതെ നേരത്തെ തന്നെ രണ്ടു ഗോളുകൾ നേടാൻ ഞങ്ങൾക്ക് അവസരമുണ്ടായിരുന്നു. എക്‌സ്ട്രാ ടൈമിലെത്തിയപ്പോൾ ഞങ്ങൾ ക്ഷീണിതരായിരുന്നുവെങ്കിലും ആത്യന്തികമായി വിജയം ഞങ്ങൾക്കൊപ്പം നിന്നു." റായ് സ്പോർട്സിനോട് മാൻസിനി പറഞ്ഞു.

"ബെഞ്ചിൽ നിന്നും കളത്തിലിറങ്ങിയ താരങ്ങൾ മത്സരത്തിന്റെ ഗതി മാറ്റണമെന്ന ഉറച്ച മനോഭാവത്തോടെയാണുണ്ടായിരുന്നത്. പകരക്കാരായിറങ്ങിയ താരങ്ങൾ അസാധാരണമായ പ്രകടനം നടത്തിയതിനു പുറമെ പിൻവലിക്കപ്പെട്ട കളിക്കാർ അവരുടെ പരമാവധി നൽകിയിരുന്നു. ഈ മത്സരം കടുപ്പമേറിയതായിരിക്കും എന്നറിയാമായിരുന്നു. ചിലപ്പോൾ ക്വാർട്ടർ ഫൈനലിനേക്കാൾ കടുപ്പം. പക്ഷെ ഞങ്ങൾ നല്ല കളി കാഴ്ച വെച്ച് അർഹിച്ച വിജയം സ്വന്തമാക്കി." അദ്ദേഹം പറഞ്ഞു.

ക്വാർട്ടർ ഫൈനലിൽ ബെൽജിയം, പോർച്ചുഗൽ എന്നീ ടീമുകളിൽ ഒന്നിനെ നേരിടാനൊരുങ്ങുന്ന ഇറ്റാലിയൻ പരിശീലകനോട് ഏതു ടീമിനെയാണ് എതിരാളികളായി ലഭിക്കാൻ കൂടുതൽ പരിഗണിക്കുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "വളരെ അസാധാരണ മികവുള്ള രണ്ടു ടീമുകളാണവർ, അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കുക പ്രയാസമാണ്." മാൻസിനി വ്യക്തമാക്കി.

facebooktwitterreddit