Football in Malayalam

ലോകകപ്പ് യോഗ്യത നേടാതെ പുറത്തായ ഇറ്റലിയുടെ പരിശീലകസ്ഥാനത്ത് തുടരാനുള്ള സാധ്യതകളെക്കുറിച്ച് മാൻസിനി

Sreejith N
Mancini Not Sure About His Future After World Cup Play Off Defeat
Mancini Not Sure About His Future After World Cup Play Off Defeat / Claudio Villa/GettyImages
facebooktwitterreddit

ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ നോർത്ത് മാസിഡോണിയയോടു പരാജയപ്പെട്ട് യോഗ്യത നേടാൻ കഴിയാതെ പുറത്തായ ഇറ്റലിയുടെ പരിശീലകസ്ഥാനത്ത് തുടരാനുള്ള സാധ്യതകളെക്കുറിച്ച് പ്രതികരിച്ച് പരിശീലകൻ റോബർട്ടോ മാൻസിനി. ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടിയാണ് നോർത്ത് മാസിഡോണിയ യൂറോ ചാമ്പ്യന്മാരെ അട്ടിമറിച്ചത്.

ഇറ്റലിയിൽ വെച്ചു നടന്ന പ്ലേ ഓഫ് മത്സരത്തിൽ ആതിഥേയർ അനായാസം വിജയിച്ച് പ്ലേ ഓഫ് ഫൈനലിലേക്ക് ഇടം നേടുമെന്നാണ് ഏവരും കരുതിയിരുന്നത്. മത്സരത്തിൽ പൂർണമായും ആധിപത്യം പുലർത്തിയ ഇറ്റലി ആ പ്രതീക്ഷകൾ ശരി വെക്കുകയും ചെയ്‌തു. എന്നാൽ ഇറ്റലിയുടെ ആക്രമണങ്ങളെ സമർത്ഥമായി തടുത്ത നോർത്ത് മാസിഡോണിയ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് മത്സരത്തിൽ വിജയം നേടിയത്.

കഴിഞ്ഞ വർഷം നടന്ന യൂറോ കിരീടം സ്വന്തമാക്കാൻ ഇറ്റലിയെ സഹായിക്കുകയും അപരാജിതരായി പൂർത്തിയാക്കിയ മത്സരങ്ങളുടെ കണക്കിൽ പുതിയ റെക്കോർഡ് ടീമിനെക്കൊണ്ട് സ്ഥാപിക്കുകയും ചെയ്‌ത മാൻസിനി യൂറോ കപ്പിനു ശേഷം ഇറ്റലിയുമായി നാല് വർഷത്തെ പുതിയ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഇന്നലത്തെ മത്സരത്തിനു ശേഷം ആ കരാർ പൂർത്തിയാക്കുമെന്ന കാര്യം കണ്ടറിയാമെന്നാണ് മാൻസിനി പറഞ്ഞത്.

"എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഇപ്പോൾ എന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ എനിക്ക് നിരാശയാണുള്ളത്. ഈ ടീമിന് വലിയൊരു ഭാവിയുണ്ടെന്ന് എനിക്കു തീർച്ചയാണ്. ഞാൻ എപ്പോഴത്തേക്കാൾ കൂടുതൽ ഈ ടീമിനെ പിന്തുണക്കുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് മാൻസിനി പറഞ്ഞു.

മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ കഴിയാതിരുന്നതാണ് ഇറ്റലിക്കു തിരിച്ചടിയായതെന്നും അതിൽ നിരാശയുണ്ടെന്നും ടീമിന്റെ നായകനായ കില്ലിനിയും പറഞ്ഞു. സഹതാരങ്ങളിൽ അഭിമാനമുണ്ടെന്നും മാൻസിനി തുടരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ച കില്ലിനി താൻ വിരമിക്കുമോ എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഇതല്ല സമയമെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit