അത്ലറ്റിക്കോയുടെ പ്രതിരോധക്കോട്ട പൊളിച്ച് മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍

ചാംപ്യന്‍സ് ലീഗിന്റെ ഇരുപാദങ്ങളിലുമായി അത്ലറ്റിക്കോ മാഡ്രിഡ് കെട്ടിപ്പടുത്ത പ്രതിരോധക്കോട്ട പൊളിച്ച് പ്രീമിയര്‍ ലീഗ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഇരുപാദങ്ങളിലായി നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ജയമായിരുന്നു സിറ്റി സ്വന്തമാക്കിയത്.
ഒരു ഗോള്‍ ഇത്തിഹാദില്‍ നടന്ന ആദ്യ പാദത്തിലായിരുന്നു സിറ്റി സ്വന്തമാക്കിയത്. ആദ്യ പാദത്തില്‍ പൂര്‍ണമായും പ്രതിരോധത്തൂലന്നി കളിച്ച അത്ലറ്റിക്കോ ഒരു ഗോള്‍ വഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് ഈ ഗോള്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാനായിരുന്നു അത്ലറ്റിക്കോയുടെ പദ്ധതി. എന്നാല്‍ രണ്ടാം പാദത്തില്‍ സിറ്റിയുടെ മുന്നേറ്റങ്ങളെ ചെറുത്ത് തോല്പിക്കുന്ന തിരക്കില്‍ അത്ലറ്റിക്കോക്ക് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. 0-0 എന്ന സ്കോറിനായിരുന്നു മത്സരം അവസാനിച്ചത്.
ഇത്തിഹാദിലെ ആദ്യ മത്സരത്തില്‍ 5-3-2 എന്ന ഫോര്‍മേഷനിലായിരുന്നു അത്ലറ്റിക്കോ ഇറങ്ങിയതെങ്കില്‍ രണ്ടാം പാദത്തില്‍ അതിലും കട്ടിയായ പ്രതിരോധമായിരുന്നു അത്ലറ്റിക്കോ നടപ്പിലാക്കിയത്. 5-4-1 ആയിരിന്നു രണ്ടാം പാദത്തിലെ അത്ലറ്റിക്കോയുടെ ഫോര്മേഷന്. ഈ ഫോര്മേഷന് വിജയം കണ്ടെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സിമയോണിയുടെ സംഘത്തിന് വിജയിക്കാനായില്ല. ആദ്യ പാദത്തില്‍ പൂജ്യം ഷോട്ട് പായിച്ച അത്ലറ്റിക്കോ രണ്ടാം പാദത്തില്‍ 14 ഷോട്ടുകള്‍ ഉതിര്‍ത്തു.
ഇതില്‍ മൂന്നെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. പ്രതിരോധത്തിലൂന്നിയ മത്സരമായിരുന്നതിനാല്‍ ഇരുടീമുകളും കടുകട്ടിയായ മത്സരമായിരുന്നു പുറത്തെടുത്തത്. 15 ഫൗളുകളാണ് മത്സരത്തിലുണ്ടായത്. അത്ലറ്റിക്കോ രണ്ട് മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും വാങ്ങിയപ്പോള്‍ സിറ്റി താരങ്ങള്‍ അഞ്ച് മഞ്ഞക്കാര്‍ഡും വാങ്ങി. ഏപ്രില്‍ 27ന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡുമായി കൊമ്പുകോര്‍ക്കും.