തിരിച്ചുവരവ് മത്സരത്തിൽ ഇരട്ട ഗോളുകളോടെ അഴിഞ്ഞാടി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല ജയം

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ഇരട്ട ഗോളുകളോടെ ആഘോഷമാക്കി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റോണോ അഴിഞ്ഞാടിയ മത്സരത്തിലാകട്ടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1ന് ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും, അറുപത്തിരണ്ടാം മിനുറ്റിലും റൊണാൾഡോയും, എൺപതാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസും, ഇഞ്ചുറി ടൈമിൽ ജെസെ ലിംഗാർഡുമാണ് ചുവന്ന ചെകുത്താന്മാരുടെ ഗോളുകൾ നേടിയത്. അതേ സമയം അൻപത്തിയാറാം മിനുറ്റിൽ ജാവിയർ മാൻക്വിലോയാണ് ന്യൂകാസിലിനായി വല കുലുക്കിയത്. വിജയത്തോടെ 4 മത്സരങ്ങളിൽ 10 പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ പോയിന്റ് പട്ടികയിൽ ഒന്നാമതുമെത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ ആതിഥേയർക്ക് തന്നെയായിരുന്നു മുൻതൂക്കം. റൊണാൾഡോ നയിക്കുന്ന യുണൈറ്റഡ് മുൻനിര ന്യൂകാസിൽ ബോക്സിലേക്ക് തുടർച്ചയായി ഇരച്ചെത്തിക്കൊണ്ടിരുന്നു. ഇതോടെ ഏത് സമയം വേണമെങ്കിലും ഗോൾ വീണേക്കാമെന്ന അവസ്ഥ സംജാതമായെങ്കിലും വല മാത്രം കുലുങ്ങിയില്ല. റോണോയുടെ കാലിൽ ഓരോ തവണ പന്തെത്തിയപ്പോളും ഗ്യാലറി ഇളകി മറിഞ്ഞു.
അധ്വാനിച്ച് കളിച്ച യുണൈറ്റഡിന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്താനായി. വലത് വശത്ത് നിന്ന് ഗോൾ ലക്ഷ്യമാക്കി ഗ്രീൻവുഡ് തൊടുത്ത ഷോട്ട് ന്യൂകാസിൽ ഗോളിയുടെ കൈകളിൽ നിന്ന് വഴുതി വീണത് ബോക്സിനുള്ളിൽ തക്കം പാർത്തിരുന്ന റൊണാൾഡോയുടെ മുന്നിലേക്ക്. സമയമൊട്ടും കളയാതെ പന്ത് വലയിലേക്ക് തട്ടിയിട്ട് റോണോ, റെഡ് ഡെവിൾസിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. 12 വർഷങ്ങൾക്ക് ശേഷം യുണൈറ്റഡിനായി റൊണാൾഡോയുടെ ആദ്യ ഗോൾ.
What a day ?
— Manchester United (@ManUtd) September 11, 2021
What a result ?
WHAT A TEAM ❤️#MUFC | #MUNNEW
മാഞ്ചസ്റ്റർ യുണൈറ്റഡ് മൈതാനം ഭരിച്ച് കളിച്ചപ്പോൾ കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിക്കാനാണ് ന്യൂകാസിൽ ശ്രമിച്ചത്. അൻപത്തിയാറാം മിനുറ്റിൽ അതിനവർക്ക് ഫലവും ലഭിച്ചു. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്ന് മാൻക്വിലോ നേടിയ ഗോളിൽ ന്യൂകാസിൽ മത്സരം ഒപ്പമെത്തിച്ചു. സ്കോർ 1-1. എന്നാൽ മത്സരം സമനിലയിലാക്കിയ ന്യൂകാസിന്റെ ആശ്വാസം അധിക നേരം നീണ്ടു നിന്നില്ല. ആറ് മിനുറ്റുകൾക്ക് ശേഷം അവർ വീണ്ടും കളിയിൽ പിന്നിലായി. ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു തകർപ്പൻ ഇടം കാൽ ഷോട്ടിലൂടെ വല കുലുക്കി വീണ്ടും യുണൈറ്റഡിനെ മത്സരത്തിൽ മുന്നിലെത്തിച്ചത്.
കളിയിൽ ലീഡെടുത്തതോടെ ഊർജ്ജം വർധിച്ച യുണൈറ്റഡ് ന്യൂകാസിലിനെ തുടർച്ചയായി സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു. എൺപതാം മിനുറ്റിൽ അവർ തങ്ങളുടെ മൂന്നാം ഗോളും സ്കോർ ചെയ്തു. ഇക്കുറി പോഗ്ബയുടെ അസിസ്റ്റിൽ നിന്ന് അവരുടെ പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസായിരുന്നു ന്യൂകാസിൽ വല കുലുക്കിയത്. മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച താരത്തിന് അർഹിച്ച അംഗീകാരമായിരുന്നു ഈ ഗോൾ. എന്നാൽ അവിടം കൊണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് നിർത്തിയില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലിംഗാർഡ് നേടിയ ഗോളിലൂടെ അവർ ന്യൂകാസിലിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. അങ്ങനെ റൊണാൾഡോയുടെ തിരിച്ചു വരവ് മത്സരത്തിൽ 4-1 ന്റെ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മടങ്ങി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.