Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് സോൾഷ്യറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, കോണ്ടെ അദ്ദേഹത്തിന് പകരക്കാരനായെത്താൻ സാധ്യത

Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Alex Livesey - Danehouse/GettyImages
facebooktwitterreddit

അവസാനം കളിച്ച 9 മത്സരങ്ങളിൽ 5 എണ്ണത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യറിൽ ഒരു പറ്റം ടീമംഗങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തിയതായി സൂചന. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രിട്ടീഷ് താരങ്ങളുടേയും, കുറച്ച് വിദേശ താരങ്ങളുടേയും പിന്തുണ മാത്രമാണ് ക്ലബ്ബിൽ സോൾഷ്യറിനുള്ളതെന്നാണ് ഇംഗ്ലണ്ടിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്.

ടീമിന്റെ പ്രതിരോധ പിഴവുകൾ പരിഹരിക്കുന്നതിൽ സോൾഷ്യർ പരാജയമാകുന്നതും, മോശം പ്രകടനം നടത്തിയിട്ടും ചില കളികാരോട് സോൾഷ്യർ കാണിക്കുന്ന അമിത ഫേവറിസവും ക്ലബ്ബിലെ ചില കളികാർ അദ്ദേഹത്തിനെതിരെ തിരിയാൻ കാരണമായെന്നാണ് ഇ എസ് പി എൻ ചൂണ്ടിക്കാട്ടുന്നത്. ജെസി ലിംഗാർഡ്, ഡോണി വാൻ ഡി ബീക്ക്, നെമാഞ്ച മാറ്റിക്ക് എന്നീ കളികാർക്ക് അവസരങ്ങൾ നൽകാൻ സോൾഷ്യർ വിമുഖത കാട്ടുന്നതിൽ ക്ലബ്ബിലെ ഒരു പറ്റം താരങ്ങൾ അസ്വസ്ഥരാണെന്നും ഇതിനെ അവർ പരസ്യമായി വിമർശിച്ചെന്നും ഇ എസ് പി എന്നിന്റെ റിപ്പോർട്ടിൽ പറയുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും മേസൺ ഗ്രീൻ വുഡും തമ്മിൽ കാര്യമായ പരസ്പര ധാരണയില്ലെന്നും ഇവർ തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതാക്കാൻ സോൾഷ്യർക്ക് ഇതു വരെ കഴിഞ്ഞിട്ടില്ലെന്നും ക്ലബ്ബുമായി അടുത്ത വൃത്തങ്ങളിലൊരാൾ ഇ എസ് പി എന്നിനോട് വ്യക്തമാക്കി. ആക്രമണ പൊസിഷനുകളിൽ വളരെ അപൂർവ്വമായി മാത്രമാണ് ഇരുവരും പന്ത് പാസ് ചെയ്യാറുള്ളതെന്നും ഗോൾ സ്കോറിംഗ് പൊസിഷനുകളിൽ നേരിട്ട് ഷൂട്ടുതിർക്കാനുള്ള തന്റെ സഹതാരത്തിന്റെ തീരുമാനങ്ങളിൽ റൊണാൾഡോ അസ്വസ്ഥനായി കാണപ്പെടുന്നുണ്ടെന്നും ഇത്തരം സ്ഥാനങ്ങളിൽ പന്ത് പാസ് ചെയ്യാത്തതിൽ റോണോക്ക് അതൃപ്തിയുണ്ടെന്നത് ടീമംഗങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുതിർന്ന കളികാർ സോൾഷ്യറിൽ നിന്നും ക്ലബ്ബിന്റെ മറ്റ് പരിശീലകരിൽ നിന്നും തന്ത്രപരമായ കൂടുതൽ നിർദ്ദേശങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അതിന് സോൾഷ്യർക്ക് കഴിയുന്നില്ലെന്നുമാണ് സൂചനകൾ. പെപ് ഗ്വാർഡിയോള, യർഗൻ ക്ലോപ്പ്, തോമസ് ടുഷൽ എന്നീ പരിശീലകർക്കുള്ളത് പോലുള്ള പരിചയസമ്പത്തും, മനോഭാവവും, യോഗ്യതയും സോൾഷ്യർക്കില്ലെന്ന വിശ്വാസവും ക്ലബ്ബിനകത്തുണ്ട്.

സോൾഷ്യർക്ക് പകരം അന്റോണിയോ കോണ്ടെയെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി കൊണ്ടു വരുന്നതിനോട് ക്ലബ്ബിൽ ഒരു പറ്റം ആൾക്കാർക്ക് വിമുഖതയുണ്ടെന്നും എന്നാൽ നിലവിൽ സോൾഷ്യർക്ക് പകരക്കാരനായി ലഭിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷൻ കോണ്ടെ തന്നെയാണെന്ന് അവർക്കുമറിയാമെന്നും ക്ലബ്ബുമായി അടുത്ത വൃത്തങ്ങൾ ഇ എസ് പിഎന്നിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit