Football in Malayalam

ഇക്കുറി കിരീടമൊന്നും നേടിയില്ലെങ്കിലും ഒലെ ഗണ്ണർ സോൾഷ്യറിന് ബമ്പർ കരാർ നൽകാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Gokul Manthara
FBL-ENG-FA CUP-LEICESTER-MAN UTD
FBL-ENG-FA CUP-LEICESTER-MAN UTD / OLI SCARFF/Getty Images
facebooktwitterreddit

2020-21 സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞില്ലെങ്കിലും ബമ്പർ കരാർ നൽകി പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യറിനെ‌‌ ക്ലബ്ബിൽ നിലനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ പദ്ധതികളെന്ന് സൂചന. ‌സോൾഷ്യർ ത‌ങ്ങളുടെ പരിശീലക സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് ക്ലബ്ബിന്റെ പ്രകടനം ഈ സീസണിൽ എങ്ങനെയാണ് എന്നത് പരിഗണിക്കാതെ ‌പോലും അദ്ദേഹത്തിന്‌ പുതിയ ‌കരാർ നൽകാൻ തീരുമാനിച്ചതായി പ്രശസ്ത ഇംഗ്ലീഷ് മാധ്യമമായ‌ മിറർ ആണ് ഇപ്പോൾ റിപ്പോർട്ട് ‌ചെയ്തിരിക്കുന്നത്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു വർഷ കരാർ കൂടി ശേഷിക്കുന്ന സോൾഷ്യർക്ക് മൂന്ന് വർഷത്തെ ബമ്പർ കരാർ നൽകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കമെന്നും, 30 മില്ല്യൺ പൗണ്ടിന്റെ കരാറാകും നോർവീജിയൻ പരിശീലകന് അവർ മുന്നോട്ട് വെക്കുകയെന്നുമാണ് മിറർ റിപ്പോർട്ട് ചെയ്യുന്നത്.

സോൾഷ്യറിന്റെ പരിശീലനത്തിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ പാതയിലാണെന്ന് വിശ്വസിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ്, അദ്ദേഹത്തിന്റെ പ്രതിവർഷ ശമ്പ‌ളം‌ 7.5 മില്ല്യൺ പൗണ്ടിൽ നിന്ന് 10 മില്ല്യൺ പൗണ്ടാക്കി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ വൈസ് ചെയർമാനായ എഡ്വുഡ് വേർഡിന്റെ പ്രത്യേക താല്പര്യവും ഈ നീക്കത്തിന്‌ പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്.‌ 2020/21 സീസൺ അവസാനിക്കുന്നതിന് പിന്നാലെ‌‌ വരും സമ്മറിൽ ഈ പുതിയ കരാർ സ്ഥിരീകരിക്കപ്പെടുമെന്നാണ് സൂചനകൾ.

അതേ സമയം 2020-21 സീസണിൽ ശ്രദ്ധേയ പ്രകടനമാണ് സോൾഷ്യറിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ നിലവിൽ 29 മത്സരങ്ങളിൽ 57 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുള്ള‌ ക്ലബ്ബ്, യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുമുണ്ട്.

facebooktwitterreddit