Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തു നിന്നും ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കി

Sreejith N
Manchester United v Manchester City - Premier League
Manchester United v Manchester City - Premier League / Clive Brunskill/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തു നിന്നും ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കി. ഇന്നലെ വാട്ഫോഡുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയമായി തോറ്റതിനു പിന്നാലെ ക്ലബ് നേതൃത്വം ചേർന്ന അടിയന്തിര യോഗത്തിലാണ് നോർവീജിയൻ പരിശീലകനെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. ക്ലബ് കുറച്ചു മുൻപ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മൂന്നു വർഷത്തോളമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷെയർ കഴിഞ്ഞ സീസണിൽ ടീമിനെ പ്രീമിയർ ലീഗിന്റെ രണ്ടാം സ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ നേരെ പുറകോട്ടായിരുന്നു. സീസണിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു എങ്കിലും അതിനു ശേഷം പുറകോട്ടു പോയ ടീമിപ്പോൾ അവസാനം കളിച്ച ഏഴു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമാണ് സ്വന്തമാക്കിയത്.

അവസാന അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും കനത്ത തോൽവി വഴങ്ങിയ യുണൈറ്റഡ് പതിനഞ്ചു ഗോളുകളാണ് ഈ മത്സരങ്ങളിൽ വഴങ്ങിയത്. അതിൽ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കെതിരെ ഹോം മത്സരങ്ങളിലാണ് റെഡ് ഡെവിൾസ് ദയനീയമായ പരാജയം വഴങ്ങിയത്. എന്നിട്ടും സോൾഷെയറിനു അവസരം നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം ഇന്നലത്തെ മത്സരത്തോടെ അതവസാനിപ്പിക്കുകയായിരുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ, ജാഡൻ സാഞ്ചോ എന്നിവരെ ടീമിലെത്തിച്ചതിനു ശേഷവും മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനം നടത്തുന്നതിൽ സോൾഷെയറിനെതിരെ ആരാധകരുടെ രോഷം ശക്തമായിരുന്നു. വാട്ഫോഡുമായുള്ള മത്സരത്തിനു ശേഷം ക്ഷമ ചോദിക്കാൻ വേണ്ടിയെത്തിയ അദ്ദേഹത്തെ കൂക്കുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്.

ജൂലൈയിൽ മൂന്നു വർഷത്തേക്കു കൂടി കരാർ പുതുക്കിയ സോൾഷെയറെ പുറത്താക്കിയതോടെ നഷ്‌ടപരിഹാരമായി ഏഴര മില്യൺ പൗണ്ടോളം മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകേണ്ടി വരും. അതേസമയം അദ്ദേഹത്തിന്റെ പകരക്കാരൻ ആരാകുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. സിനദിൻ സിദാൻ, ബ്രെണ്ടൻ റോജേഴ്‌സ് തുണ്ടങ്ങിയവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തൽസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit