Football in Malayalam

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ശക്തിപ്പെടുത്താൻ അനുവദിക്കുന്ന തുകയിൽ തീരുമാനമായി

Sreejith N
Manchester United v Crystal Palace - Premier League
Manchester United v Crystal Palace - Premier League / Alex Livesey/GettyImages
facebooktwitterreddit

റാൾഫ് റാങ്നിക്ക് പരിശീലകനായി എത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം ആരാധകർക്ക് തൃപ്‌തി നൽകുന്ന ഒന്നാണെന്നിരിക്കെ തന്റെ ശൈലിക്ക് അനുയോജ്യമായ താരങ്ങളെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ കണ്ടെത്തി സാധ്യമായ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കഴിയുന്ന ടീമാക്കി റെഡ് ഡെവിൾസിനെ മാറ്റാനാണ് അദ്ദേഹം ഒരുങ്ങുന്നത്. അതിനു വേണ്ടിയുള്ള നീക്കങ്ങൾ അദ്ദേഹം ആരംഭിച്ചിട്ടുമുണ്ട്.

എന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വലിയ താരങ്ങളുടെ സൈനിംഗുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്താനുള്ള സാധ്യത ഇല്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജനുവരിയിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ജർമൻ പരിശീലകന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം അനുവദിക്കുന്ന തുക വെറും 75.6 മില്യൺ പൗണ്ട് ആണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നിലവിൽ തന്നെ നിരവധി സൂപ്പർതാരങ്ങൾ ടീമിലുള്ളപ്പോൾ വലിയ സൈനിംഗുകൾ കാര്യമായി നടത്തേണ്ടി വരില്ലെന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തുണയ്ക്കുന്ന കാര്യമാണ്. എന്നാൽ ടീമിൽ അവസരങ്ങൾ കിട്ടാത്ത താരങ്ങളിൽ പലരും ജനുവരിയിൽ ക്ലബ് വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നത് അതേസമയം അവർക്ക് ആശങ്കയും നൽകുന്നു.

റിപ്പോർട്ടുകൾ പ്രകാരം ജെസ്സെ ലിംഗാർഡ്, ആന്റണി മാർഷ്യൽ, എഡിസൺ കവാനി, ഡീൻ ഹെൻഡേഴ്‌സൺ എന്നിവരാണ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നതിനെപ്പറ്റി ചിന്തിക്കുന്നത്. ഇതിനു പുറമെ വാൻ ഡി ബീക്ക്, ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന പോൾ പോഗ്ബ എന്നിവരും ക്ലബ് വിടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

ക്ലബ് വിടുന്ന താരങ്ങൾ സ്ഥിരം കരാറിലാണ് പോകുന്നത് എങ്കിൽ അവരുടെ ട്രാൻസ്‌ഫരിൽ നിന്നും ലഭിക്കുന്ന തുക ജനുവരിയിൽ ടീമിനെ ശക്തിപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉപയോഗിക്കാൻ കഴിയും. എന്നാൽ നിലവിലെ സാഹചര്യത്തിൽ എഡിസൺ കവാനിയും പോൾ പോഗ്ബയും മാത്രമേ സ്ഥിരം കരാറിൽ ക്ലബ് വിടാനുള്ള സാധ്യതയുള്ളൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit