Football in Malayalam

വോൾവ്‌സിനെതിരായ വിജയത്തോടെ ഇംഗ്ലീഷ് ഫുട്ബോളിലെ ചരിത്രം തിരുത്തിയ കുതിപ്പുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Wolverhampton Wanderers v Manchester United - Premier League
Wolverhampton Wanderers v Manchester United - Premier League / Michael Regan/Getty Images
facebooktwitterreddit

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവ്‌സിനെതിരെ നേടിയ വിജയത്തോടെ ഇംഗ്ലീഷ് ഫുട്ബോളിൽ ചരിത്രം തിരുത്തിയെഴുതിയ കുതിപ്പുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. മേസൺ ഗ്രീൻവുഡ്‌ എൺപതാം മിനുട്ടിൽ നേടിയ ഒരേയൊരു ഗോളിൽ വോൾവ്‌സിന്റെ മൈതാനത്ത് വിജയം നേടിയതോടെ ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ ഏറ്റവുമധികം എവേ മത്സരങ്ങൾ തുടർച്ചയായി പരാജയം അറിയാതെ മുന്നേറിയ ടീമെന്ന റെക്കോർഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.

ഈ സീസണിൽ നടന്ന മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയും സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്‌സിനെതിരെ വിജയം നേടിയതോടെ തുടർച്ചയായ ഇരുപത്തിയെട്ടാം മത്സരമാണ് എതിരാളികളുടെ മൈതാനത്ത് പരാജയമറിയാതെ പൂർത്തിയാക്കുന്നത്. ഇതിൽ പതിനെട്ടു വിജയങ്ങളും പത്തു സമനിലയും ഉൾപ്പെടുന്നു. 2003-04 സീസണിൽ ആഴ്‌സണൽ നേടിയ റെക്കോർഡാണ് ഇതോടെ പിന്നിലായത്.

വോൾവ്‌സിനെതിരായ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജറെന്ന നിലയിൽ സോൾഷെയറിന്റെ നൂറാം പ്രീമിയർ ലീഗ് മത്സരം കൂടിയായിരുന്നു. ഇതിൽ അമ്പത്തിമൂന്നു മത്സരങ്ങളിൽ നോർവീജിയൻ പരിശീലകൻ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 1903 മുതൽ 1912 വരെയുള്ള സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന ഏർണെസ്റ് മംഗ്‌നാൽ മാത്രമാണ് ഇതിനു മുൻപ് ആദ്യത്തെ നൂറു മത്സരങ്ങളിൽ ഇതിലുമധികം വിജയങ്ങൾ ടീമിനു നേടിത്തന്നിട്ടുള്ളൂ. 54 വിജയങ്ങളാണ് അദ്ദേഹത്തിനു കീഴിലുള്ള ആദ്യ നൂറു മത്സരങ്ങളിൽ സ്വന്തമാക്കിയത്.

ഇന്റർനാഷണൽ ബ്രേക്ക് വരുന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരം കളിക്കുന്നതു സെപ്റ്റംബർ 11നു ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഓൾഡ് ട്രാഫോഡിലാണ്. ടീമിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്നു ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം സെപ്റ്റംബർ 14നു നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ അവർ യങ് ബോയ്‌സിനേയും നേരിടും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit