റാംഗ്നിക്ക് ഇടക്കാല പരിശീലകനായെത്തിയാലും യുണൈറ്റഡിന്റെ ലക്ഷ്യം പൊച്ചട്ടീനോയെ സ്ഥിരം പരിശീലകനാക്കുന്നതിന് തന്നെ

മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഒലെ ഗുണ്ണാർ സോൾഷെയറുമായി വേർപിരിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ്, റാൾഫ് റാംഗ്നിക്കിനെ തങ്ങളുടെ ഇടക്കാല പരിശീലകനായി ടീമിലെത്തിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. എന്നാൽ ആറ് മാസത്തെ കരാറിലാണ് റാംഗ്നിക്കിനെ തങ്ങളുടെ പരിശീലകനായി യുണൈറ്റഡ് നിയമിക്കുകയെന്നും ഇതിന് ശേഷം മൗറീസിയോ പൊച്ചറ്റീനോയെ ക്ലബ്ബിന്റെ സ്ഥിരം പരിശീലകനായി കൊണ്ടു വരാനാണ് അവർ താല്പര്യപ്പെടുന്നതെന്നുമാണ് 90Min ന് ലഭിക്കുന്ന സൂചന.
നേരത്തെ വാറ്റ്ഫോഡിനെതിരായ ദയനീയ പരാജയത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട സോൾഷെയർക്ക് പകരം താൽക്കാലിക പരിശീലകനായ മൈക്കൽ കാരിക്കിനാണ് ഇപ്പോൾ ടീമിന്റെ ചുമതലയുള്ളത്. ഉടൻ തന്നെ കാരിക്കിൽ നിന്ന് റാംഗ്നിക്ക് റെഡ് ഡെവിൾസിന്റെ പരിശീല ചുമതല ഏറ്റെടുക്കുമെന്നാണ് സൂചനകൾ. എന്നാൽ മെയ് മാസം വരേക്കുള്ള കരാറാകും റാംഗ്നിക്ക് യുണൈറ്റഡുമായി ഒപ്പുവെക്കുകയെന്നും ഇതിന് ശേഷം ഒരു പുതിയ സ്ഥിരം പരിശീലകനെ കൊണ്ടു വരുന്നതിന് അവർ താല്പര്യപ്പെടുന്നുണ്ടെന്നുമാണ് കരുതപ്പെടുന്നത്.
Manchester United retain focus on Mauricio Pochettino appointment with Ralf Rangnick set for interim role.
— Graeme Bailey (@GraemeBailey) November 25, 2021
✍️@90min_footballhttps://t.co/5JCX82sA1H
മൗറീസിയോ പൊച്ചറ്റീനോയെ തങ്ങളുടെ സ്ഥിര പരിശീലകനായി കൊണ്ടു വരാൻ താല്പര്യപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, വരും മാസങ്ങളിൽ ഇതിന് വേണ്ടി ശക്തമായ ശ്രമങ്ങൾ നടത്തുമെന്നാണ് സൂചനകൾ. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മന്റെ പരിശീലകനായ പൊച്ചറ്റീനോയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ പൊച്ചറ്റീനോക്ക് ആഗ്രഹമുണ്ടെന്ന് മനസിലാക്കിയ പിഎസ്ജി ചെയർമാൻ നാസർ അൽ ഖെലൈഫി കഴിഞ്ഞ ദിവസം അതിനെതിരെ ശക്തമായ വിമർശനം നടത്തിയത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.
അതേ സമയം പൊച്ചറ്റീനോക്ക് പകരം മുൻ റയൽ മാഡ്രിഡ് ബോസായിരുന്ന സിനദിൻ സിദാനെ തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ടു വരാൻ പിഎസ്ജി താല്പര്യപ്പെടുന്നുണ്ട് എന്ന റിപ്പോർട്ടുകളും ഈയിടെയായി ശക്തമാണ്. സിദാനെ പരിശീലകനായി കൊണ്ടു വരാനുള്ള നീക്കത്തിൽ ഫ്രഞ്ച് ക്ലബ്ബ് വിജയിക്കുകയാണെങ്കിൽ പൊച്ചറ്റീനോയെ ക്ലബ്ബ് വിടാൻ അവർ അനുവദിക്കും. അങ്ങനെയെങ്കിൽ അദ്ദേഹം അടുത്ത സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേൽക്കാനുള്ള സാധ്യത വലിയ രീതിയിൽ വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.