മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ലാ ലിഗ താരങ്ങളെ ഒറ്റയടിക്കു സ്വന്തമാക്കുന്നു


ഏറെ നാൾ കാത്തിരുന്നതിനു ശേഷം ജാഡൻ സാഞ്ചോയുടെ ട്രാൻസ്ഫർ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ലാ ലിഗയിൽ നിന്നും രണ്ടു താരങ്ങളെ ഒറ്റയടിക്ക് സ്വന്തമാക്കാൻ ഒരുങ്ങുന്നു. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാനെ, അത്ലറ്റികോ മാഡ്രിഡിന്റെ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്ക് കീറോൺ ട്രിപ്പിയർ എന്നിവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടം മുതൽ തന്നെ റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഹാരി മാഗ്വയറിനൊപ്പം പങ്കാളിയാവാൻ ഒരു മികച്ച ഡിഫെൻഡറെ തേടിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന വരാനെക്കു വേണ്ടി അറുപതു മില്യൺ യൂറോയാണ് മുടക്കുകയെന്നാണ് സൂചനകൾ. റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് താരം അഞ്ചു വർഷത്തെ കരാർ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
Manchester United are reportedly set to announce the double signing of Raphael Varane and Kieran Trippier #MUFC https://t.co/zjmnZJPWOD
— talkSPORT (@talkSPORT) July 16, 2021
അതേസമയം കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനു ലാ ലിഗ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ട്രിപ്പിയർ ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകുന്നതിന്റെ ഭാഗമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ സ്വീകരിച്ചത്. 21 മില്യൺ യൂറോയാണ് താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കുക. ലാ ലിഗയിലെ മികച്ച പ്രകടനത്തിനു ശേഷം ഇംഗ്ലണ്ടിനെ യൂറോ കപ്പിന്റെ ഫൈനലിൽ എത്തിക്കുന്നതിലും താരം നിർണായക പങ്കു വഹിച്ചിരുന്നു.
ഈ രണ്ടു താരങ്ങളും കൂടിയെത്തുന്നതോടെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് 165 മില്യൺ യൂറോയോളമാണ് മുടക്കുക. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നത് ഇതിൽ നിന്നും വ്യക്തമാണ്.