Football in Malayalam

8 താരങ്ങളെ ടീമിൽ നിന്നൊഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്; യുവാൻ മാട്ടയുമായി ചർച്ചകൾ പുരോഗമിക്കുന്നു

Gokul Manthara
Manchester United v FC Kobenhavn - UEFA Europa League Quarter Final
Manchester United v FC Kobenhavn - UEFA Europa League Quarter Final / James Williamson - AMA/Getty Images
facebooktwitterreddit

സീനിയർ ഗോൾകീപ്പർ സെർജിയോ റൊമേറോ ഉൾപ്പെടെയുള്ള 8 കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ വൈകിട്ടാണ് വരുന്ന സമ്മറിൽ ക്ലബ്ബ് റിലീസ് ചെയ്യുന്ന 8 താരങ്ങളുടെ പട്ടിക മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തു വിട്ടത്. റൊമേറോക്ക് പുറമേ പോർച്ചുഗീസ് ഗോൾകീപ്പർ ജോയൽ പെരേരയും ഈ‌ സമ്മറിൽ ക്ലബ്ബ് ഒഴിവാക്കുന്ന താരങ്ങളുടെ ലിസ്റ്റിലുണ്ട്.

എല്ലാ വർഷവും സമ്മർ ട്രാൻസ്ഫർ ജാലകങ്ങൾക്ക് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ടീമിൽ നിന്ന് ഒഴിവാക്കുന്ന ‌താരങ്ങളുടെ പട്ടിക പുറത്ത് വിടാറുണ്ട്. ഇക്കുറി റൊമേറേയും, ജോയൽ പേരേരയുമാണ് ടീമിൽ നിന്ന് റിലീസ് ചെയ്യപ്പെടുന്ന പ്രമുഖർ. ഇവർക്ക് പുറമേ അവർ ഒഴിവാക്കുന്ന ബാക്കി 6 താരങ്ങളും ക്ലബ്ബിന്റെ യൂത്ത് ടീമിൽ നിന്നുള്ളവരാണ്.‌

അതേ സമയം ഈ മാസാവസാനത്തോടെ ക്ലബ്ബുമായി കരാർ അവസാനിക്കാനിരിക്കുന്ന സ്പാനിഷ്‌ സൂപ്പർ താരം യുവാൻ മാട്ടയെ ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടുത്തിയിട്ടില്ല. മുപ്പത്തിമൂന്നുകാരനായ താരവുമായി പുതിയ കരാർ ഒപ്പിടുന്ന കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്ന ചർച്ചകൾ വിജയത്തിലെത്തുമെന്നും താരം ക്ലബ്ബുമായി കരാർ പുതുക്കുമെന്നുമുള്ള‌ സൂചനകൾ ഇതോടെ ശക്തമായി. മാട്ടക്ക് പുറമേ ഈ സമ്മറിൽ കരാർ അവസാനിക്കാനിരിക്കുന്ന ഗോൾകീപ്പിംഗ് ദ്വയങ്ങളായ ലീ ഗ്രാന്റ്, പോൾ വൂൾസ്റ്റൺ എന്നിവരുമായും പുതിയ കരാർ കാര്യത്തിൽ ക്ലബ്ബ് ചർച്ചകൾ നടത്തുന്നുണ്ട്‌.

അതേ സമയം ഡീൻ ഹെൻഡേഴ്സന്റെ തിരിച്ചു വരവോടെ ക്ലബ്ബിലെ പ്രാധാന്യം കുറഞ്ഞ റൊമേറോ കഴിഞ്ഞ ട്രാൻസ്ഫർ ജാലകങ്ങളിലും ടീമിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് തൊട്ടരികിലെത്തിയിരുന്നു. 2015 ക്ലബ്ബിലെത്തിയെങ്കിലും ഇതു വരെ വെറും 61 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചത്. ഇത് കൊ‌ണ്ടു തന്നെ റൊമേറോയെ ടീമിൽ നിന്നൊഴിവാക്കാനുള്ള ക്ലബ്ബിന്റെ തീരുമാനം ഫുട്ബോൾ ലോകത്തിന് ഒരു തരത്തിലുള്ള ഞെട്ടലും സമ്മാനിക്കുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ നിന്ന് ഒഴിവാക്കുന്ന താരങ്ങൾ,

സെർജിയോ റൊമേറോ, ജേക്കബ്‌ കാർനെ, ലെസ്റ്റിൻ ഹ്യൂസ്, ജോയൽ പെരേര, അർനൗ പ്യുഗ്മാൽ, മാക്സ് ടെയ്ലർ, അല്യു ട്രവോറെ, മാർക്ക് ഹെം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit