Football in Malayalam

2 താരങ്ങളെ ടീമിലെത്തിക്കാൻ 7 കളികാരെ വിൽപ്പനയ്ക്ക് വെക്കും; സുപ്രധാന നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

Gokul Manthara
Fulham v Manchester United - Premier League
Fulham v Manchester United - Premier League / Clive Rose/Getty Images
facebooktwitterreddit

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാൻ താല്പര്യപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇതിന് പണം കണ്ടെത്തുന്നതിന് പോൾ പോഗ്ബ അടക്കമുള്ള തങ്ങളുടെ ഏഴോളം താരങ്ങളെ വിൽപ്പനക്ക് വെക്കാൻ തയ്യാറെടുക്കുന്നതായി സൂചന. 72.9 മില്ല്യൺ പൗണ്ട് മുടക്കി ജേഡൻ സാഞ്ചോയെ ഇക്കുറി സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, 34.2 മില്ല്യൺ പൗണ്ട് മുടക്കി റയൽ മാഡ്രിഡിൽ നിന്ന് റാഫേൽ വരാനെയേയും ടീമിലെത്തിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു‌‌. ഇതിന് പിന്നാലെയാണ് ഈ താരങ്ങൾക്കൊപ്പം ടീമിന്റെ റൈറ്റ് ബാക്ക് സ്ഥാനത്തും, ഡിഫൻസീവ് മിഡ്ഫീൽഡർ സ്ഥാനത്തും പുതിയ കളികാരെയെത്തിക്കാ‌ൻ പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യറിന് ആഗ്രഹമുണ്ടെന്നും അതിന് പണം കണ്ടെത്തുന്നതിന് തങ്ങളുടെ ഒരു പറ്റം താരങ്ങളെ വിൽപ്പനക്ക് വെക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

യുണൈറ്റഡ് വിൽപ്പനക്ക് വെക്കുന്ന കളികാരിൽ ഏറ്റവും പ്രധാനി ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ തന്നെയാണ്. അടുത്ത വർഷം തങ്ങളുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന പോഗ്ബയെ ഇക്കുറി 50 മില്ല്യൺ പൗണ്ടിന് വിൽക്കാൻ കഴിയുമോയെന്നാകും ക്ലബ്ബ് ശ്രമിക്കുക. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി താരത്തിനായി രംഗത്തെത്തിയിട്ടുമുണ്ട്.

ഇംഗ്ലീഷ് സൂപ്പർ താരം ജെസെ ലിംഗാർഡും, ക്ലബ്ബുമായുള്ള കരാറിന്റെ അവസാന വർഷത്തേക്ക് കടന്നു കഴിഞ്ഞു. 30 മില്ല്യൺ പൗണ്ട് ലഭിച്ചാലാകും ലിംഗാർഡിനെ വിൽക്കാൻ റെഡ് ഡെവിൾസ് തയ്യാറാവുക. വിൽപ്പനക്ക് വെച്ചാലോ, ലോണിൽ അയച്ചാലോ മികച്ച തുക ലഭിക്കാൻ സാധ്യതയുള്ള 5 താരങ്ങൾ കൂടി യുണൈറ്റഡിലുണ്ട്. അക്സൽ ടുവാൻസെബെ, ബ്രാൻഡൻ വില്ല്യംസ്, ഡിയൊഗോ ഡാലറ്റ്, ആൻഡ്രിയാസ് പെരേര, ഫക്കുണ്ടോ പെല്ലെസ്ട്രി എന്നിവരാണിവർ.

അതേ സമയം ഗോൾകീപ്പർമാരായ ഡീൻ ഹെൻഡേഴ്സൺ, ഡേവിഡ് ഡി ഗിയ എന്നിവർ അടുത്ത സീസണിൽ റൊട്ടേഷൻ സമ്പ്രദായം സ്വീകരിക്കാൻ തയ്യാറായേക്കില്ലെന്നാണ് കരുതപ്പെടുന്നത്. അത് കൊ‌ണ്ടു തന്നെ ഇവരിൽ ഒരാളെയും ഇക്കുറി മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.‌

താരങ്ങളുടെ വിൽപ്പനയിലൂടെ എത്ര പണം സ്വരൂപിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ മിഡ്ഫീൽഡറേയും, റൈറ്റ് ബാക്ക് താരത്തേയും സ്വന്തമാക്കാനുള്ള റെഡ് ഡെവിൾസിന്റെ സാധ്യതകൾ‌. കീറൻ ട്രിപ്പിയർ, ഡെക്ലാൻ റൈസ് എന്നിവരെ ഈ സ്ഥാനങ്ങളിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും അവർക്കായുള്ള ക്ലബ്ബിന്റെ നീക്കങ്ങാൽ ഫലപ്രാപ്തിയിലെത്തുമോയെന്ന് കണ്ടറിയണം.

facebooktwitterreddit