Football in Malayalam

വാട്ഫോഡിനെതിരായ കനത്ത തോൽവിക്കു പിന്നാലെ ഡ്രസിങ് റൂമിൽ പൊട്ടിക്കരഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ

Sreejith N
Watford v Manchester United - Premier League
Watford v Manchester United - Premier League / Charlie Crowhurst/GettyImages
facebooktwitterreddit

വാട്ഫോഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെ ഡ്രസിങ് റൂമിൽ വെച്ച് പൊട്ടിക്കരഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വാട്ഫോഡിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം വഴങ്ങിയത്. ഇതോടെ ക്ലബിന്റെ പരിശീലകനായ സോൾഷെയറിനെ ഉടനെ പുറത്താക്കാനുള്ള സാധ്യതകളും വർധിച്ചിട്ടുണ്ട്.

വാട്ഫോഡിനെതിരായ മത്സരത്തിൽ തോറ്റതോടെ സോൾഷെയർ ടീമിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ നടന്ന മത്സരം നോർവീജിയൻ പരിശീലകന്റെ അവസാനത്തേതാവാൻ തന്നെയാണ് സാധ്യത. മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈയൊരു സാഹചര്യത്തിലാണ് ടീമിലെ താരങ്ങളും മറ്റു ചില അംഗങ്ങളും മത്സരത്തിനു ശേഷം പൊട്ടിക്കരഞ്ഞത്.

ഇന്നലെ നടന്ന മത്സരത്തിനു ശേഷം വളരെ വിഷമത്തോടെയാണ് ഒലെ ഗുണ്ണാർ സോൾഷെയറിനെയും കാണാൻ കഴിഞ്ഞത്. മത്സരം തോറ്റതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോടെല്ലാം അദ്ദേഹം ക്ഷമ ചോദിച്ചിരുന്നു. അതേസമയം നിലവിലെ ഫോമിലെ തനിക്ക് മാറ്റിമറിക്കാൻ കഴിയുമെന്ന പൂർണ ആത്മവിശ്വാസം ഉണ്ടെന്നാണ് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സോൾഷെയർ പറഞ്ഞത്.

ലിവർപൂളിനെതിരെ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവി വഴങ്ങിയതിനു ശേഷം സോൾഷെയറിനു മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം തുടരട്ടെ എന്നായിരുന്നു ക്ലബ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയോടും വാട്ഫോഡിനോടും വഴങ്ങിയ കനത്ത തോൽവികളാണ് സോൾഷെയർ പുറത്താക്കപ്പെടാനുള്ള സാധ്യതകൾ വർധിപ്പിച്ചത്.

ഇന്നലെ നടന്ന മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം അടിയന്തിരയോഗം ചേർന്നുവെന്നും അതിൽ സോൾഷെയറെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായെന്നും ശക്തമായ റിപ്പോർട്ടുകൾ ഇപ്പോഴുണ്ട്. സോൾഷെയറെ പുറത്താക്കി ഡാരൻ ഫ്‌ളെച്ചറിനു ടീമിന്റെ താൽക്കാലിക ചുമതല നൽകും എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

facebooktwitterreddit