അറ്റലാന്റാക്കെതിരെ തിരിച്ചടിച്ചു നേടിയ വിജയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ റേറ്റിങ് അറിയാം


ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി രക്ഷകനായപ്പോൾ ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റാക്കെതിരെ നടന്ന മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചടിച്ചു വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായിപ്പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് മാർക്കസ് റാഷ്ഫോഡ്, ഹാരി മഗ്വയർ എന്നിവരിലൂടെ സമനില പിടിക്കുകയും അതിനു ശേഷം എൺപത്തിയൊന്നാം മിനുട്ടിൽ റൊണാൾഡോ ടീമിന്റെ വിജയഗോൾ കുറിക്കുകയുമായിരുന്നു.
മത്സരം നല്ല രീതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചെങ്കിലും മുന്നേറ്റനിര താരങ്ങൾ ലഭിച്ച അവസരങ്ങൾ നഷ്ടമാക്കിയപ്പോൾ അറ്റലാന്റ ലഭിച്ച ചാൻസുകൾ കൃത്യമായി മുതലാക്കിയാണ് മത്സരത്തിന്റെ ആദ്യപകുതിയിൽ മുന്നിലെത്തിയത്. കളിയുടെ പതിനാലാം മിനുട്ടിൽ പാസാലിച്ചും ഇരുപത്തിയേഴാം മിനുട്ടിൽ മുൻ യുവന്റസ് താരം മെറീഹ് ഡെമിരലുമാണ് അറ്റലാന്റയുടെ ഗോളുകൾ നേടിയത്.
എന്നാൽ തോൽക്കാൻ തയ്യാറല്ലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ ആഞ്ഞടിച്ചപ്പോൾ അൻപത്തിരണ്ടാം മിനുട്ടിൽ ആദ്യഗോൾ റാഷ്ഫോഡിലൂടെ പിറന്നു. അതിനു ശേഷം എഴുപത്തിയഞ്ചാം മിനുട്ടിൽ മാഗ്വയറും എൺപത്തിയൊന്നാം മിനുട്ടിൽ ഹെഡറിലൂടെ റൊണാൾഡോയും ലക്ഷ്യം കണ്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിർണായകമായ വിജയം നേടുകയായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ റേറ്റിങ്
1. ഗോൾകീപ്പർ & ഡിഫെൻഡേഴ്സ്
ഡി ഹിയ - 6/10 - അറ്റ്ലാന്റയുടെ ഗോളുകളിൽ കുറച്ചുകൂടി മെച്ചപ്പെട്ട സേവുകൾ നടത്താൻ കഴിയുമായിരുന്ന താരം സെക്കൻഡ് ഹാഫിൽ ഉജ്ജ്വലമായ ഡബിൾ സേവുകൾ നടത്തിയിരുന്നു
ആരോൺ വാൻ ബിസാക്ക - 5/10 - ടീമിന്റെ ആക്രമണത്തിൽ കാര്യമായി സംഭാവന നൽകാൻ കഴിഞ്ഞില്ലെങ്കിലും അറ്റലാന്റയുടെ ആക്രമണങ്ങളെ തടുക്കാൻ താരത്തിന് കഴിഞ്ഞു.
ഹാരി മഗ്വയർ - 7/10 - ഡെമിരലിന്റെ ഗോളിൽ പിഴവു വരുത്തിയെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തി ഗോൾ നേടാൻ താരത്തിനായി
വിക്റ്റർ ലിൻഡ്ലോഫ് - 6/10 - ലൂയിസ് മുറിയലിനെ കൃത്യമായി പ്രതിരോധിച്ച താരത്തിന്റെ രണ്ടാം പകുതിയിലെ പ്രകടനം കൂടുതൽ മികച്ചതായിരുന്നു.
ലൂക്ക് ഷാ - 6/10 - അറ്റലാന്ടയുടെ ആദ്യഗോളിൽ പിഴവു വരുത്തിയെങ്കിലും റൊണാൾഡോ നേടിയ വിജയഗോളിന് അസിസ്റ്റ് നൽകാൻ താരത്തിനായി.
2. മിഡ്ഫീൽഡേഴ്സ്
ഫ്രെഡ് - മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യപകുതിയിൽ ലഭിച്ച മികച്ച അവസരങ്ങളിൽ രണ്ടെണ്ണം ബ്രസീലിയൻ താരത്തിനായിരുന്നു എങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല.
സ്കോട്ട് മാക്ടോമിനായ് - 5/10 - ഡെമിരലിനെ ഫ്രീ ജമ്പിനു അനുവദിച്ച് ഗോൽ വഴങ്ങാൻ വഴിയൊരുക്കിയെങ്കിലും ഭേദപ്പെട്ട പ്രകടമാണ് താരം നടത്തിയത്.
ബ്രൂണോ ഫെർണാണ്ടസ് - 8/10 - എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കാൻ ശ്രമിച്ച താരം റാഷ്ഫോഡിന്റെ ഗോളിന് അസിസ്റ്റും നൽകി.
3. ഫോർവേഡ്സ്
മേസൺ ഗ്രീൻവുഡ് - 5/10 - സഹതാരങ്ങളുമായി ഇണങ്ങി കളിച്ചുവെങ്കിലും അവസരങ്ങൾ കൃത്യമായി മുതലാക്കാൻ കഴിഞ്ഞില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോ - 7/10 - വിജയഗോളോടെ മത്സരം തന്നെ തന്റെ പേരിലാക്കാൻ താരത്തിനു കഴിഞ്ഞു.
മാർക്കസ് റാഷ്ഫോർഡ് - 8/10 - ആദ്യ പകുതിയിൽ ചില അവസരങ്ങൾ നഷ്ടമാക്കിയെങ്കിലും യുണൈറ്റഡിന്റെ തിരിച്ചു വരവിനു തുടക്കമിടാൻ താരത്തിനായി.
4. പകരക്കാർ
പോഗ്ബ - 6/10 - കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയിറക്കിയ താരത്തിനു ടീമിന്റെ വിജയത്തിൽ ഭാഗമാകാൻ കഴിഞ്ഞു.
എഡിസൺ കവാനി - 6/10 മഗ്വയറിന്റെ ഗോളിന് അസിസ്റ്റ് നൽകിയത് കവാനിയായിരുന്നു.
ജാഡൻ സാഞ്ചോ - N/A
നേമാന്യ മാറ്റിച്ച് - N/A