ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ ഹൈജാക്ക് ചെയ്യാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്; വൻ ട്വിസ്റ്റിന് കളമൊരുങ്ങുന്നു

യുവന്റസ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ ഹൈജാക്ക് ചെയ്യാൻ താരത്തിന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തെത്തിയതായി സൂചന. റൊണാൾഡോയെ ഇക്കുറി ടീമിലെത്തിക്കാനായാൽ യൂറോപ്യൻ സൂപ്പർ ലീഗ് വിവാദങ്ങളുമായി ബന്ധപ്പെട്ട് തങ്ങളിൽ അകന്ന ആരാധകരെ ക്ലബ്ബിലേക്ക് തിരിച്ചു കൊണ്ടു വരാൻ കഴിയുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസേഴ്സ് കുടുംബം വിശ്വസിക്കുന്നതായും അത് കൊണ്ടു തന്നെ താരത്തിനായി അവർ ശക്തമായ ശ്രമങ്ങൾ നടത്തുമെന്നും മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുണൈറ്റഡ് ആരാധകരെ വലിയ രീതിയിൽ ആവേശഭരിതമാക്കുന്ന വാർത്തയാണിത്.
തങ്ങളുടെ മുൻ താരമായിരുന്ന റൊണാൾഡോയെ ടീമിലേക്ക് തിരിച്ചു കൊണ്ടു വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ടെന്നും അതിനായുള്ള നീക്കങ്ങൾ അവർ നടത്തുന്നുണ്ടെന്നും പ്രശസ്ത ഫുട്ബോൾ ട്രാൻസ്ഫർ ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റൊണാൾഡോയെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് താരത്തിന്റെ ഏജന്റായ ജോർജ് മെൻഡിസുമായി ഇന്നലെ രാത്രി മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബന്ധപ്പെടുന്നുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച റൊമാനോ, കരാറുമായി ബന്ധപ്പെട്ട കണക്കുകളും, പ്രതിഫലം, യുവന്റസിന് നൽകേണ്ടി വരുന്ന ഫീസ് എന്നിവ സംബന്ധിച്ച് ബോർഡ് ചർച്ച ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. റൊണാൾഡോക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തെത്തിയതോടെ മാഞ്ചസ്റ്ററിലെ ചിരവൈരികൾ തമ്മിൽ കളത്തിന് പുറത്ത് താരത്തിന്റെ ഒപ്പിനായി ശക്തമായ പോരാട്ടം നടക്കുമെന്നുറപ്പായി.
Manchester United have been in direct contact with Jorge Mendes since yesterday night for Cristiano Ronaldo comeback. Now board talking about figures of the deal, potential salary & also fee for Juventus. ??? #MUFC
— Fabrizio Romano (@FabrizioRomano) August 27, 2021
Man United are now “seriously interested” - as Man City too. pic.twitter.com/InVvBKua1J
അതേ സമയം തീർത്തും അപ്രതീക്ഷിതമായിട്ടാണ് റൊണാൾഡോയുടെ ട്രാൻസ്ഫറിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് കടന്നു വന്നിരിക്കുന്നത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി ടീമുകളെ മാത്രമായിരുന്നു താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ റോണോക്കായി തങ്ങൾ ശ്രമങ്ങൾ നടത്തില്ലെന്ന് പി എസ് ജി ചെയർമാൻ നാസർ അൽ ഖെലൈഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ ഫ്രഞ്ച് ക്ലബ്ബ് ചിത്രത്തിൽ നിന്ന് മാഞ്ഞിരുന്നു.
മുൻപ് 2003 മുതൽ 2009 വരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചത്. പ്രീമിയർ ലീഗ് വമ്പന്മാർക്കായി 292 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം 118 ഗോളുകൾ നേടിയതിനൊപ്പം 69 ഗോളുകൾക്ക് വഴിയുമൊരുക്കിയിരുന്നു. നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റോണോ സൂപ്പർ താരമായി വളർന്നത് യുണൈറ്റഡിൽ കളിക്കുമ്പോളായിരുന്നു.