Football in Malayalam

ബയേൺ മ്യൂണിക്ക് ഹാലൻഡിനു പിന്നാലെ, ലെവൻഡോസ്‌കിയെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Lewandowski's future could hinge on Bayern's pursuit of Haaland
Lewandowski's future could hinge on Bayern's pursuit of Haaland / Alex Grimm/Dean Mouhtaropoulos/Getty Images
facebooktwitterreddit

ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിയെ അടുത്ത സമ്മറിൽ സ്വന്തമാക്കുന്നതിനു വേണ്ടി രംഗത്തു വന്ന നിരവധി പ്രീമിയർ ലീഗ് ക്ലബുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും. ജർമൻ ക്ലബുമായുള്ള കരാർ അവസാനിക്കാൻ ഒന്നര വർഷത്തോളം മാത്രം ബാക്കിയുള്ള പോളണ്ട് താരം അടുത്ത സീസണിൽ ബയേണിൽ തന്നെ തുടരും എന്നുറപ്പില്ലാത്ത സാഹചര്യത്തിലാണ് ലെവൻഡോസ്‌കിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തു വന്നത്.

കരാർ അവസാനിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കുന്ന റോബർട്ട് ലെവൻഡോസ്‌കി ബയേണുമായി അതു പുതുക്കാൻ നടത്തുന്ന ചർച്ചകൾ ഇതുവരെയും വിജയം കണ്ടിട്ടില്ല. മുപ്പതു കഴിഞ്ഞ താരങ്ങളുമായി കരാർ പുതുക്കുമ്പോൾ ഒരു വർഷത്തേക്ക് മാത്രം അത് നീട്ടി നൽകുന്ന സമ്പ്രദായമുള്ള ബയേൺ രണ്ടു വർഷത്തെ കരാർ ലെവൻഡോസ്‌കിക്കു മുന്നിൽ വെച്ചെങ്കിലും പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാരണം അത് താരം അംഗീകരിച്ചില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതിനു പുറമെ ബയേൺ മ്യൂണിക്ക് എർലിങ് ഹാലാൻഡിനു വേണ്ടി സജീവമായ ശ്രമം നടത്തുന്നുണ്ടെന്നാണ് 90Minമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. ഇതിനു പുറമെ ബയേൺ മ്യൂണിക്ക് സിഇഒ ഒലിവർ ഖാൻ ഹാലാൻഡിന്റെ ഏജന്റുമായി ചർച്ചകൾ നടത്തിയെന്ന് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ബയേണിൽ ലെവൻഡോസ്‌കിയുടെ നാളുകൾ എണ്ണപ്പെട്ടു എന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്.

ഹാലൻഡിനു വേണ്ടി ബയേൺ മ്യൂണിക്ക് ശ്രമങ്ങൾ നടത്തുമ്പോൾ ബയേൺ വിട്ടു ചേക്കാറാനുള്ള ക്ലബുകൾ നോക്കുകയാണ് പോളണ്ട് താരത്തിന്റെ പ്രതിനിധികൾ. ഈ സാഹചര്യത്തെ സസൂക്ഷം നിരീക്ഷിച്ചു വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ലെവൻഡോസ്‌കിയുടെ ഏജന്റുമായി അടുത്തു തന്നെ ചർച്ചകൾ നടത്താനുള്ള സാധ്യതയുണ്ട്. എന്നാൽ ചെൽസി, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ നിരവധി വമ്പൻ ക്ലബുകൾക്കും ലെവൻഡോസ്‌കിയിൽ താൽപര്യമുള്ളതിനാൽ പോളണ്ട് താരത്തെ സ്വന്തമാക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പമാകില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit