റാൾഫ് റാങ്നിക്കിനെ അടുത്ത സീസണിൽ സ്ഥിരം പരിശീലകനാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു താൽപര്യമില്ല

Manchester United v Brighton & Hove Albion - Premier League
Manchester United v Brighton & Hove Albion - Premier League / Gareth Copley/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയറിനു പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായി ചുമതല ഏറ്റെടുത്ത റാൾഫ് റാങ്നിക്കിനെ അടുത്ത സീസണിൽ സ്ഥിരം പരിശീലകനാക്കാൻ ക്ലബ് നേതൃത്വത്തിന് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ. നേരത്തെ തീരുമാനിച്ച പദ്ധതി പ്രകാരം ഈ സീസൺ അവസാനിച്ചതിനു ശേഷം റാങ്നിക്കിനെ താൽക്കാലിക പരിശീലകസ്ഥാനത്തു നിന്നും മാറ്റി ക്ലബിന്റെ കൺസൾട്ടൻസി റോൾ നൽകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതെന്ന് ഫോർബ്‌സ് റിപ്പോർട്ടു ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചെങ്കിലും ഈ സീസണിൽ ടീം മോശം പ്രകടനം നടത്തിയതിനെ തുടർന്നാണ് ഒലെ ഗുണ്ണാർ സോൾഷെയർ പുറത്താക്കപ്പെട്ടത്. ഇതിനു പകരക്കാരനായി താൽക്കാലിക പരിശീലകസ്ഥാനം ഏറ്റെടുത്ത റാങ്നിക്കിനു സീസണു ശേഷം ക്ലബിന്റെ കൺസൾട്ടൻസി റോൾ നൽകുകയും, സീസണിൽ മികച്ച പ്രകടനം നടത്തിയാൽ സ്ഥിരം പരിശീലകനാക്കി നിയമിക്കുമെന്ന വാഗ്‌ദാനമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റാങ്നിക്ക് താൽക്കാലിക പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം പ്രീമിയർ ലീഗിൽ സാധ്യമായ 36 പോയിന്റുകളിൽ 25 പോയിന്റും മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിട്ടുണ്ട്. ഈ സീസണിൽ നവംബർ 20 വരെ സോൾഷെയറിനു കീഴിൽ കളിച്ച മത്സരങ്ങളിൽ നിന്നും സാധ്യമായ 36 പോയിന്റിൽ 17 പോയിന്റ് മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിനു നേടാൻ കഴിഞ്ഞിരുന്നുള്ളൂ.

ഈ കണക്കുകൾ പ്രകാരം റാങ്നിക്ക് ടീമിന്റെ പ്രകടനനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നതു വ്യക്തമാണെങ്കിലും ജർമൻ പരിശീലകനെ സ്ഥിരം മാനേജരാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു താൽപര്യമില്ല. നേരത്തെ തീരുമാനിച്ച പ്രകാരം റാങ്നിക്കിന് കൺസൾട്ടൻസി റോൾ കൈമാറി അടുത്ത സീസണിൽ ഏതെങ്കിലും മികച്ച പരിശീലകനെ ടീമിലെത്തിക്കാനാണ് ക്ലബ് ഒരുങ്ങുന്നത്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ, ലൈസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സ് എന്നിവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലേക്ക് പരിഗണിക്കുന്നത്. ഇതിനു പുറമെ അയാക്‌സ് മാനേജരായ എറിക് ടെൻ ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പട്ടികയിലുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.