മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോക്കായി രംഗത്തെത്തിയതിന്റെ പ്രധാന കാരണം വെളിപ്പെടുത്തി ഇംഗ്ലീഷ് മാധ്യമം

തങ്ങളുടെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയേക്കുമെന്നത് സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തെത്തിയതെന്നും അവസാനം പോർച്ചുഗീസ് നായകനെ സ്വന്തമാക്കിയതെന്നും ഇംഗ്ലീഷ് മാധ്യമമായ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന്റെ വെളിപ്പെടുത്തൽ.
തങ്ങളിൽ നിന്ന് യാതൊരു ഇടപെടലുമില്ലാതെ റൊണാൾഡോ സിറ്റിയിൽ ചേരുകയാണെങ്കിൽ ആരാധകരുടെ ഭാഗത്ത് നിന്നും തിരിച്ചടിയേറ്റേക്കാമെന്ന ഭയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസേഴ്സ് കുടുംബത്തിനുണ്ടായിരുന്നുവെന്നും ഇത് കൊണ്ടു തന്നെ താരത്തിന്റെ ട്രാൻസ്ഫർ ഹൈജാക്ക് ചെയ്യുന്നതിന് അവർ മുന്നിട്ടിറങ്ങുകയായിരുന്നുവെന്നും ഇംഗ്ലീഷ് മാധ്യമം ചൂണ്ടിക്കാട്ടുന്നു.
ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടാൻ തീരുമാനമെടുത്തിരുന്ന റൊണാൾഡോയെ സ്വന്തമാക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വരെ രംഗത്തുണ്ടായിരുന്ന ഒരേയൊരു ടീം മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. കവാനിയുമായി വീണ്ടും കരാർ ഒപ്പിട്ട്, സാഞ്ചോയെ ടീമിലെത്തിച്ചതിനാൽ ഈ സമ്മറിൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ യാതൊരു ഉദ്ദേശ്യവും മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ടായിരുന്നില്ല. എന്നാൽ താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അദ്ദേഹത്തിനായി നിർണായക ഇടപെടൽ യുണൈറ്റഡിന്റെ ഭാഗത്ത് നിന്നുണ്ടാവുകയായിരുന്നു.
വെള്ളിയാഴ്ച വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗൂസനുമായി റൊണാൾഡോ സംസാരിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ്, റൊണാൾഡോയുടെ പ്രതിനിധികളുമായി ബന്ധപ്പെടുകയായിരുന്നുവെന്നാണ് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
Manchester United moved for Cristiano Ronaldo as they could not bear possibility of him joining City #mufc https://t.co/3hYQimyVeB
— Man United News (@ManUtdMEN) August 30, 2021
തങ്ങളുടെ രണ്ട് വർഷ കരാർ വാഗ്ദാനത്തെക്കുറിച്ച് റൊണാൾഡോയെ യുണൈറ്റഡ് അറിയിച്ചതോടെ സിറ്റിയിൽ ചേരാനുള്ള താല്പര്യം അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നുവെന്നും, ബ്രൂണോ ഫെർണാണ്ടസ്, റോണോയുടെ മുൻ സഹതാരങ്ങളായിരുന്ന പാട്രിക്ക് എവ്ര, റിയോ ഫെർഡിനന്റ് എന്നിവരും ഈ സമയത്ത് യുണൈറ്റഡിലേക്ക് വരുന്ന കാര്യവുമായി ബന്ധപ്പെട്ട് റൊണാൾഡോക്ക് സന്ദേശം അയച്ചെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.