Football in Malayalam

ബാഴ്‌സലോണയുടെ യുവവിസ്‌മയത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

Sreejith N
FC Barcelona v Sevilla: Copa del Rey Semi Final Second Leg
FC Barcelona v Sevilla: Copa del Rey Semi Final Second Leg / David Ramos/Getty Images
facebooktwitterreddit

ബാഴ്‌സലോണ പരിശീലകനായി റൊണാൾഡ്‌ കൂമാൻ സ്ഥാനമേറ്റെടുത്തതിനു ശേഷം നിരവധി യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പെഡ്രി, ഫാറ്റി, മിൻഗുയെസ, അറഹോ, ഡെസ്റ്റ് എന്നിങ്ങനെയുള്ള യുവതാരങ്ങളുടെ നിരയിലേക്ക് അവസാനമെത്തിയ പേരാണ് ഐലക്സ് മൊറീബയുടേത്. ഏഴാം വയസു മുതൽ ബാഴ്‌സയിലുള്ള മോറിബ, ബി ടീമിൽ നിന്നും സീനിയർ ടീമിലെത്തി ഇതു വരെ നാല് മത്സരങ്ങളിലാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

കോർനല്ലക്കെതിരായ കോപ്പ ഡെൽ റേ മത്സരത്തിൽ ബാഴ്‌സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം പിന്നീട് രണ്ടു ലാ ലീഗ മത്സരങ്ങളിലും അവസാനം സെവിയ്യക്കെതിരെ നടന്ന കോപ്പ ഡെൽ റേ സെമി ഫൈനലിലും കളത്തിലിറങ്ങിയിരുന്നു. പോൾ പോഗ്ബയുടെ പിൻഗാമിയായി അറിയപ്പെടുന്ന സ്‌പാനിഷ്‌ താരം നടത്തുന്ന മികച്ച പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രദ്ധയാകർഷിച്ചിട്ടുണ്ടെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡിപോർട്ടീവോ പുറത്തു വിട്ടതു പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡും ജർമൻ ക്ലബായ ആർബി ലീപ്‌സിഗുമാണ്‌ പതിനെട്ടുകാരനായ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്. 2022ൽ ബാഴ്സയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന താരത്തെ അടുത്ത സമ്മറിൽ ടീമിലെത്തിക്കാനാണ് ഇരു ക്ലബുകളും ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ഓഫർ നൽകിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ ചെറുപ്പം മുതൽ ബാഴ്‌സലോണക്കൊപ്പം തുടരുന്ന മോറിബക്ക് കറ്റാലൻ ക്ലബിൽ തന്നെ തുടരുന്നതിലാണ് താൽപര്യം. റൊണാൾഡ്‌ കൂമാൻ തന്നിൽ വിശ്വാസമർപ്പിച്ച് കൂടുതൽ അവസരങ്ങൾ നൽകുന്നതു കൊണ്ടു തന്നെ മറ്റു ക്ലബുകളുടെ ഓഫർ പരിഗണിക്കുന്നതിനെ കുറിച്ച് താരം ഇപ്പോൾ ചിന്തിക്കുന്നില്ല. ഇതു മുതലെടുത്ത് താരവുമായി ഈ സീസണ് ശേഷം കരാർ പുതുക്കാനായിരിക്കും ബാഴ്‌സ ഒരുങ്ങുന്നത്.

ബാഴ്‌സലോണക്ക് വേണ്ടി കളിച്ച നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ച മൊറീബ ഒരു അസിസ്റ്റ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതനുസരിച്ച് കൂടുതൽ മികവു കാണിക്കാൻ താരത്തിനാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

facebooktwitterreddit