Football in Malayalam

തിരിച്ചുവരവിന്റെ രാജാക്കന്മാരായി വീ‌ണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ്; പ്രീമിയർ ലീഗിലെ ഒരു തകർപ്പൻ റെക്കോർഡും സ്വന്തം

Gokul Manthara
Aston Villa v Manchester United - Premier League
Aston Villa v Manchester United - Premier League / Shaun Botterill/Getty Images
facebooktwitterreddit

തിരിച്ചുവരവിന്റെ രാജാക്കന്മാരെന്ന വിശേഷണം തങ്ങൾക്ക് വെറുതെ വന്നു ചേർന്നതല്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ നടന്ന മത്സരത്തിൽ പിന്നിൽ നിന്ന് തിരിച്ചടിച്ച് തകർപ്പൻ ജയം നേടിയതോടെ ചുവന്ന ചെകുത്താന്മാർക്ക് സ്വന്തമായത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരു തകർപ്പൻ റെക്കോർഡും.

ആസ്റ്റൺ വില്ലക്കെതിരെ നടന്ന മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങിയതിന് ശേഷമായിരുന്നു മൂന്ന് ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ആവേശ ജയം സ്വന്തമാക്കിയത്. 2020-21 സീസൺ പ്രീമിയർ ലീഗിൽ ആദ്യം ഗോൾ വഴങ്ങിയതിന് ശേഷം യുണൈറ്റഡ് വിജയം നേടുന്ന പത്താമത്തെ പോരാട്ടമായിരുന്നു ഇത്. ഇതോടെ പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ ആദ്യം ഗോൾ വഴങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡും മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമായി.

ഇന്നലെ വൈകിട്ട് ആസ്റ്റൺ വില്ലയുടെ ഹോംഗ്രൗണ്ടായ വില്ല പാർക്കിൽ നടന്ന മത്സരത്തിന്റെ ഇരുപത്തിനാലാം മിനുറ്റിൽ ബെർട്രാൻഡ് ട്രവോറെ നേടിയ ഗോളിൽ ആതിഥേയർ ലീഡെടുത്തപ്പോൾ, രണ്ടാം പകുതിയിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചു വരവ്. അൻപത്തിരണ്ടാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിൽ മത്സരം സമനിലയിലാക്കിയ യുണൈറ്റഡ്, നാല് മിനുറ്റുകൾക്ക് ശേഷം മേസൺ ഗ്രീൻവുഡിലൂടെ ലീഡെടുക്കുകയും, എൺപത്തിയേഴാം മിനുറ്റിൽ എഡിൻസൺ കവാനി നേടിയ ഗോളിൽ വിജയമുറപ്പിക്കുകയുമായിരുന്നു.

വില്ലക്കെതിരായ വിജയത്തോടെ 34 മത്സരങ്ങളിൽ 70 പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഈ സീസണിലെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. ചൊവ്വാഴ്ച ലെസ്റ്റർ സിറ്റിക്കെതിരെയാണ് ലീഗിൽ അവരുടെ അടുത്ത പോരാട്ടം.

facebooktwitterreddit