Football in Malayalam

മുൻ ബാഴ്സലോണ പരിശീലകൻ വൽവർദെയുമായി ചർച്ചകൾ നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്; ഇടക്കാല പരിശീലകനായി ക്ലബ്ബിലെത്തിച്ചേക്കും

Gokul Manthara
RCD Espanyol v FC Barcelona  - La Liga
RCD Espanyol v FC Barcelona - La Liga / Alex Caparros/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷ്യറുമായി വേർപിരിഞ്ഞതിന് ശേഷം പുതിയ പരിശീലകനായുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലേക്ക് ഒരു ഇടക്കാല പരിശീലകനെ നിയമിച്ച്, അടുത്ത വേനൽക്കാലത്ത് ഒരു മുഴുവൻ സമയ പരിശീലകനെ കണ്ടെത്താനുള്ള പദ്ധതികളിലാണുള്ളതെന്നാണ് സൂചനകൾ. അതിനിടെ ഇപ്പോളിതാ തങ്ങളുടെ ഇടക്കാല പരിശീലകനായി കൊണ്ടു വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നവരിൽ മുൻ ബാഴ്സലോണ ബോസ് ഏണസ്റ്റോ വൽവർദെയുണ്ടെന്നും, ഇക്കാര്യം അദ്ദേഹവുമായി ക്ലബ്ബ് ചർച്ച ചെയ്തെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

ഇടക്കാല പരിശീലകനായി വൽവർദെയെ കൊണ്ടു വരാൻ താല്പര്യപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇക്കാര്യത്തിൽ അദ്ദേഹവുമായി ചർച്ചകൾ നടത്തിയെന്ന് ബിബിസി, ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പാനിഷ് പരിശീലകനായ അദ്ദേഹം ഈ സ്ഥാനമേറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുന്ന സൂചന. എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡുമായോ, വൽവർദെയുമായോ ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ ഇതു വരെ വ്യക്തത ലഭിച്ചിട്ടില്ല.

നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ പരിശീലകനായ മൗറീസിയോ പൊച്ചട്ടീനോയെ, സോൾഷെയർക്ക് പകരക്കാരനായി കൊണ്ടു വരാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നത്‌‌. എന്നാൽ സീസണിനിടെ അദ്ദേഹം ഫ്രഞ്ച് ക്ലബ്ബ് വിടാനുള്ള സാധ്യത കുറവാണ്. അത് കൊണ്ടു തന്നെ 2021-22 സീസണിലേക്ക് ഒരു ഇടക്കാല പരിശീലകനെ നിയമിച്ച്, സീസണിന് ശേഷം പൊച്ചറ്റീനോയെ ക്ലബ്ബിലേക്ക് കൊ‌ണ്ടു വരാനാകും യുണൈറ്റഡിന്റെ നീക്കം. അതു വരേക്കും ടീമിനെ പരിശീലിപ്പിക്കുന്നതിന് വൽവർദെയെ കൊണ്ടു വരാനാകും അത് കൊണ്ടു തന്നെ റെഡ് ഡെവിൾസ് ഇപ്പോൾ ശ്രമിക്കുക.

അതേ സമയം 2017 മുതൽ 2020 വരെയായിരുന്നു ഏണസ്റ്റോ വൽവർദെ ബാഴ്സലോണയുടെ പരിശീലകനായി സേവനം അനുഷ്ഠിച്ചത്. മോശം പ്രകടനങ്ങളെത്തുടർന്ന് 2020 ൽ ബാഴ്സയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ഇതിന് ശേഷം മറ്റ് ക്ലബ്ബുകളുടെ പരിശീലക ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ല. ബാഴ്സലോണക്ക് പുറമേ അത്ലറ്റിക്ക് ബിൽബാവോ, വലൻസിയ, വിയ്യാറയൽ എന്നീ വമ്പൻ ക്ലബ്ബുകളേയും പരിശീലിപ്പിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.

facebooktwitterreddit