സോൾഷ്യറെ ഉടനടി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത് പരിഗണിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; പ്രഖ്യാപനം ഉടനുണ്ടാകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാല പ്രകടനങ്ങൾ ദയനീയമായ സാഹചര്യത്തിൽ ഒലെ ഗുണ്ണാർ സോൾഷ്യർക്ക് ടീമിന്റെ പരിശീലക സ്ഥാനം നഷ്ടമാകുമെന്നുള്ള സൂചനകൾ ശക്തമായി. ലിവർപൂളിനെതിരെ വഴങ്ങിയ ദയനീയ തോൽവിക്ക് പിന്നാലെ സോൾഷ്യറെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ ക്ലബ്ബ് ശക്തമാക്കിയെന്നും, ഈയാഴ്ച ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ലിവർപൂളിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായുള്ള സോൾഷ്യറിന്റെ അവസാന മത്സരമായിരുന്നെന്നാണ് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വരുന്ന ശനിയാഴ്ച ടോട്ടൻഹാം ഹോട്സ്പറിനെതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിന് മുൻപ് സോൾഷ്യറെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് ക്ലബ്ബ് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു.
Manchester United considering sacking Ole Gunnar Solskjaer #MUFC https://t.co/kR8XGQyA0o
— Manchester News MEN (@MENnewsdesk) October 25, 2021
ലിവർപൂളിനെതിരായ പരാജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം കളിച്ച മൂന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽപ്പോലും വിജയിച്ചിട്ടില്ല. ക്ലബ്ബിന്റെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ സോൾഷ്യറെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. അതിനിടെയാണ് മാനേജ്മെന്റും അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ചു തുടങ്ങിയിരിക്കുന്നത്.
നേരത്തെ 2018 ൽ ഹൊസെ മൗറീന്യോക്ക് പകരം താൽക്കാലിക പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയതാണ് സോൾഷ്യർ. എന്നാൽ 2018-19 സീസണവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് വർഷ കരാറിൽ തങ്ങളുടെ സ്ഥിരം പരിശീലകനായി സോൾഷ്യറെ നിയമിക്കുകയായിരുന്നു. ക്ലബ്ബിനെ മോശമല്ലാത്ത രീതിയിൽ നയിച്ച സോൾഷ്യർക്ക് ഈ സീസണ് മുന്നോടിയായി മൂന്ന് വർഷത്തെ പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിക്കുകയായിരുന്നു. എന്നാൽ 2021-22 സീസണിൽ ടീമിന്റെ പ്രകടനങ്ങൾ മോശമാവാൻ തുടങ്ങിയതോടെ ഇപ്പോൾ ക്ലബ്ബിൽ നിന്ന് പുറത്തേക്കുള്ള വഴിക്ക് തൊട്ടരികിലാണ് അദ്ദേഹം.