Football in Malayalam

എതിരാളികളുടെ ഗ്രൗണ്ടിൽ അപരാജിതരായി 2020-21 സീസൺ; പ്രീമിയർ ലീഗിൽ ശ്രദ്ധേയ നേട്ടവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

Gokul Manthara
Wolverhampton Wanderers v Manchester United - Premier League
Wolverhampton Wanderers v Manchester United - Premier League / Matthew Ashton - AMA/Getty Images
facebooktwitterreddit

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് 2020-21 സീസൺ പ്രീമിയർ ലീഗ് അവസാനിപ്പിക്കുന്നത് ശ്രദ്ധേയ നേട്ടവുമായി‌. ഇത്തവണത്തെ പ്രീമിയർ ലീഗ് സീസണിൽ ഒരു എവേ മത്സരത്തിൽപ്പോലും പരാജയം നേരിടാതിരുന്ന സോൾഷ്യറിന്റെ സംഘം 16 വർഷങ്ങൾക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമായി മാറി.

2020-21 സീസണിൽ കളിച്ച 19 എവേ മത്സരങ്ങളിൽ 12 എണ്ണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചപ്പോൾ, 7 എണ്ണം സമനിലയിലായി. 2003-04 സീസണിൽ ആഴ്സീൻ വെംഗറിന്റെ ആഴ്സനലാണ് എവേ ഗ്രൗണ്ടിൽ പരാജയമറിയാതെ ഒരു പ്രീമിയർ ലീഗ് സീസൺ പൂർത്തിയാക്കിയ ആദ്യ ക്ലബ്ബ്. ഈ നേട്ടത്തിലെത്തുന്ന രണ്ടാം ക്ലബ്ബായാണ് ഇന്ന് ചുവന്ന ചെകുത്താന്മാർ മാറിയത്‌.

എന്നാൽ എവേ ഗ്രൗണ്ടിൽ അപരാജിതരായിരുന്ന 2020-21 സീസൺ പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ അത്ര മികച്ച റെക്കോർഡല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റേതെന്നതാണ് ശ്രദ്ധേയം. ഹോം ഗ്രൗണ്ടിൽ ഇക്കുറി കളിച്ച 19 മത്സരങ്ങളിൽ 9 വിജയങ്ങളും 4 സമനിലകളുമാണ് അവരുടെ സമ്പാദ്യം. അതായത് എതിരാളികളുടെ ഗ്രൗണ്ടിൽ 43 പോയിന്റുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്വന്തം ഗ്രൗണ്ടിൽ ഇത്തവണ നേടിയത് 31 പോയിന്റുകൾ മാത്രം. രണ്ടാം സ്ഥാനക്കാരായി ഇക്കുറി പ്രീമിയർ ലീഗ് സീസൺ അവസാനിപ്പിക്കുമ്പോളും ഈ കണക്കുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അല്പം നിരാശപ്പെടുത്തുമെന്നത് ഉറപ്പ്.

അതേ സമയം 2020-21 സീസൺ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചത് വോൾവ്സിനെതിരെ നേടിയ വിജയത്തോടെയായിരുന്നു‌. എതിരാളികളുടെ തട്ടകമായ മോളിന്യൂക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. മത്സരത്തിൽ ആന്തണി എലാംഗ, യുവാൻ മാട്ട എന്നിവർ വിജയികൾക്കായി വല കുലുക്കിയപ്പോൾ, നെൽസൺ സെമഡോ വോൾവ്സിനായി സ്കോർ ചെയ്തു‌.

facebooktwitterreddit