ആരെ പകരമെത്തിക്കുമെന്നറിയില്ല, സോൾഷെയറെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം തയാറാവില്ലെന്ന് ജേമീ കരാഗർ

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Alex Livesey - Danehouse/GettyImages
facebooktwitterreddit

ഈ സീസണിൽ മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പരിശീലകനായ സോൾഷെയറെ പുറത്താക്കാൻ ക്ലബ് നേതൃത്വത്തിനു വൈമനസ്യമുണ്ടെന്ന് ലിവർപൂൾ ഇതിഹാസമായ ജേമീ കരാഗർ. സോൾഷെയറെ പുറത്താക്കിയാൽ അദ്ദേഹത്തിന്റെ പകരക്കാരനായി ആരെ എത്തിക്കുമെന്ന കാര്യത്തിൽ ധാരണയില്ലാത്തതാണ് ക്ലബ് നേതൃത്വത്തിന്റെ പ്രധാന ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

"അവർക്കൊരു മാറ്റം വരുത്താൻ പേടിയാണ്. വാൻ ഗാൽ, മൗറീന്യോ എന്നിവരെപ്പോലെ ഒരു പരിശീലകനെ കൊണ്ടു വന്ന് ഇതു മാഞ്ചസ്റ്റർ യുണൈറ്റഡിനു ചേരുന്നയാളല്ലെന്നു പിന്നീട് മനസ്സിലാക്കേണ്ടി വരുമോയെന്ന ഭയം അവർക്കുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിനെ സംബന്ധിച്ച് ഇപ്പോൾ കരുത്തോടെ നിലകൊള്ളുന്ന സമയമല്ല, ഇതു പേടിയുടേതാണ്." കരാഗർ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

സർ അലക്‌സ് ഫെർഗുസൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടാക്കിയ ചരിത്രനേട്ടങ്ങൾ ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൂയിസ് വാൻ ഗാൽ, മൗറീന്യോ എന്നിവരെ വിവിധ സമയങ്ങളിൽ പരിശീലകരായി എത്തിച്ചത്. എന്നാൽ ക്ലബിന്റെ ശൈലിയുമായി ഇവർ ചേർന്നു പോകാത്തതു കൊണ്ടും കിരീടനേട്ടങ്ങൾ ഉണ്ടാക്കാൻ പരാജയപ്പെട്ടതു കൊണ്ടും ഈ രണ്ടു പരിശീലകരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് പുറത്താക്കുകയും ചെയ്‌തു. സമാനമായ സാഹചര്യം സോൾഷെയറെ പുറത്താക്കിയാൽ ഉണ്ടാകുമോയെന്ന ഭയം ക്ലബ് നേതൃത്വത്തിനുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

അതേസമയം ക്ലബിന്റെ അടുത്ത പരിശീലകൻ ആരായിരിക്കും എന്ന കാര്യത്തിൽ ഉയരുന്ന അഭ്യൂഹങ്ങൾ ഇതിൽ നിന്നും വ്യത്യസ്‌തമായ ചിത്രമാണു നൽകുന്നത്. പ്രതിരോധത്തിനും പ്രായോഗിക ഫുട്ബോളിനും പേരു കേട്ട ഇറ്റാലിയൻ പരിശീലകൻ അന്റോണിയോ കോണ്ടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പ്രധാന പേരിലൊന്ന്. യുണൈറ്റഡിന്റെ ഫിലോസഫിയുമായി ഒട്ടും യോജിച്ചു പോകാത്തതാണ് ഇറ്റാലിയൻ പരിശീലകന്റെ ശൈലി.

facebooktwitterreddit