Football in Malayalam

റൊണാൾഡോ ട്രാൻസ്‌ഫർ സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ആരാധകർക്കു മുന്നിൽ കളിക്കാൻ കാത്തിരിക്കുന്നുവെന്ന് താരം

Sreejith N
Manchester United v Aston Villa - Premier League
Manchester United v Aston Villa - Premier League / Shaun Botterill/Getty Images
facebooktwitterreddit

യുവന്റസിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. മെഡിക്കൽ പരിശോധനകളടക്കം ട്രാൻസ്‌ഫർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ താരത്തിന്റെ കരാർ വിവരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് വെളിപ്പെടുത്തിയിട്ടുണ്ട്.

രണ്ടു വർഷത്തേക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗൽ താരത്തെ സ്വന്തമാക്കിയതെങ്കിലും അത് ഒരു വർഷത്തേക്കു കൂടി നീട്ടാമെന്ന ഉടമ്പടി കരാറിലുണ്ട്. ദേശീയ ടീമിനൊപ്പം ചേരാനുള്ള അവകാശവും താരത്തിൽ നിക്ഷിപ്തമായിരിക്കും.

റൊണാൾഡോ ക്ലബ് വിടുന്നത് യുവന്റസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ ട്രാൻസ്‌ഫർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ നൽകേണ്ട പതിനഞ്ചു മില്യൺ യൂറോയും പ്രകടനം അടിസ്ഥാനമാക്കിയുള്ള എട്ടു മില്യൺ യൂറോയുടെ അനുബന്ധ ഉടമ്പടികളുമാണ് ട്രാൻസ്‌ഫർ ഫീസെന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകേണ്ടതെന്ന് യുവന്റസ് സ്ഥിരീകരിച്ചിരുന്നു.

"എന്റെ ഹൃദയത്തിൽ എപ്പോഴും പ്രത്യേക സ്ഥാനമുള്ള ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ട്രാൻസ്‌ഫർ പ്രഖ്യാപനം ആദ്യമായി നടത്തിയതു മുതൽ എനിക്കു ലഭിച്ചു കൊണ്ടിരിക്കുന്ന സന്ദേശങ്ങളിൽ വളരെ സന്തോഷമുണ്ട്. ഓൾഡ് ട്രാഫോഡിലെ സ്റ്റേഡിയത്തിൽ നിറഞ്ഞു നിൽക്കുന്ന കാണികൾക്കു മുന്നിൽ കളിക്കാനും ആരാധകരെ കാണാനും ഞാൻ അക്ഷമനായി കാത്തിരിക്കയാണ്."

"മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇന്റർനാഷണൽ ബ്രേക്കിനു ശേഷം ചേരാമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വളരെ വിജയകരമായ ഒരു സീസൺ നമുക്കുണ്ടാകുമെന്നും ഞാൻ കരുതുന്നു." തന്റെ ട്രാൻസ്‌ഫർ പ്രഖ്യാപനത്തിനു വേണ്ടി നൽകിയ സന്ദേശത്തിൽ റൊണാൾഡോ പറഞ്ഞു.

facebooktwitterreddit