Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ അഗ്യൂറോയെത്തുമോ? അർജന്റൈൻ സൂപ്പർ താരം യുവന്റസിന്റെയും റഡാറിലെന്ന് സൂചന

Gokul Manthara
FBL-EUR-C1-MAN CITY-REAL MADRID
FBL-EUR-C1-MAN CITY-REAL MADRID / ANDREW YATES/Getty Images
facebooktwitterreddit

ഈ വർഷം ജൂണിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്യൂറോയെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനും താല്പര്യമെന്ന് സൂചനകൾ. പ്രീമിയർ ലീഗ് ക്ലബ്ബുമായുള്ള കരാറിൽ കഷ്ടിച്ച് 4 മാസം കൂടി ശേഷിക്കുന്ന അഗ്യൂറോയെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൂട്ടായി മുന്നേറ്റനിരയിലെത്തിക്കാൻ യുവന്റസ് താല്പര്യപ്പെടുന്നതായി ഇറ്റാലിയൻ മാധ്യമമായ സ്പോർട്ട് മീഡിയ സെറ്റ് ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂണിൽ സിറ്റിയുമായി കരാർ അവസാനിക്കുന്ന അഗ്യൂറോ എന്നാൽ പുതിയ കരാർ ഒപ്പിടുന്ന കാര്യത്തിൽ ഇതു വരെ ക്ലബ്ബുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിൽ യുവന്റസിന് പുറമേ മറ്റ് ചില വമ്പൻ ക്ലബ്ബുകളും താരത്തിൽ കണ്ണു വെച്ചു കഴിഞ്ഞു.

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും വരുന്ന‌ സമ്മറിൽ അഗ്യൂറോക്കായി ശക്തമായി രംഗത്തുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ബാഴ്സലോണയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോവൻ ലപ്പോർട്ട, താൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ അഗ്യൂറോയെ നൗക്യാമ്പിലേക്ക് കൊണ്ടു വരാനും ലയണൽ മെസിക്കൊപ്പം കളിപ്പിക്കാനും ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം തുറന്ന് പറയുകയും ചെയ്തിരുന്നു‌. യുവന്റസ്, ബാഴ്സലോണ എന്നിവർക്ക് പുറമേ പി എസ് ജിക്കും, ഇന്റർ മിലാനും അഗ്യൂറോയെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം, അഗ്യൂറോ ക്ലബ്ബിൽ തുടരണമെന്ന പക്ഷക്കാരനാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള. ക്ലബ്ബിനും താരത്തെ പുതിയ കരാർ നൽകി ടീമിൽ നിലനിർത്താൻ ആഗ്രഹമുണ്ടെന്നാണ് സൂചനകൾ. ഇതു കൊണ്ടു തന്നെ അഗ്യൂറോയുടെ ഭാവി എവിടെയാകുമെന്ന് കണ്ടു തന്നെ അറിയേണ്ടി‌ വരും.

facebooktwitterreddit