Football in Malayalam

മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കെത്തിയത് ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കി

Gokul Manthara
Manchester City v Paris Saint-Germain - UEFA Champions League Semi Final: Leg Two
Manchester City v Paris Saint-Germain - UEFA Champions League Semi Final: Leg Two / Laurence Griffiths/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിലും പി എസ് ജിയെ പരാജയപ്പെടുത്തി ഇരു പാദങ്ങളിലുമായി അവരെ 4-1 ന് മറികടന്ന മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കാണ് പ്രവേശനം നേടിയിരിക്കുന്നത്. സെമിഫൈനലിന്റെ ഇരു പാദങ്ങളിലും വ്യക്തമായ ആധിപത്യത്തോടെ വിജയം കുറിച്ച് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയ ഇംഗ്ലീഷ് സംഘം ഇന്നലത്തെ മത്സരത്തോടെ ഒരു പിടി റെക്കോർഡുകളും സ്വന്തമാക്കി.

2020-21 സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽപ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത മാഞ്ചസ്റ്റർ സിറ്റി 11 വിജയങ്ങളാണ് ഇക്കുറി കുറിച്ചത്. ചാമ്പ്യൻസ് ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇംഗ്ലീഷ് ടീമായും ഇതോടെ പെപ് ഗ്വാർഡിയോളയുടെ സംഘം മാറി.

പി എസ് ജിക്കെതിരായ രണ്ടാം പാദ സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി നേടിയ വിജയം ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ അവരുടെ തുടർച്ചയായ ഏഴാം ജയം കൂടിയായിരുന്നു. ഇതോടെ യൂറോപ്യൻ കപ്പിലോ ചാമ്പ്യൻസ് ലീഗിലോ തുടർച്ചയായി 7 വിജയങ്ങൾ കുറിക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായും മാഞ്ചസ്റ്റർ സിറ്റി മാറി.

അതേ സമയം ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി, പി എസ് ജിയെ പരാജയപ്പെടുത്തിയത്. റിയാദ് മഹ്രസായിരുന്നു മത്സരത്തിൽ ഇംഗ്ലീഷ് സംഘത്തിന്റെ രണ്ട് ഗോളുകളും നേടിയത്. നേരത്തെ ആദ്യ പാദ സെമിയിൽ 2-1 ന് വിജയിച്ചിരുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്നലെത്തെ വിജയത്തോടെ ഇരുപാദങ്ങളിലുമായി 4-1 ന് മുന്നിലെത്തുകയും, വ്യക്തമായ ആധിപത്യത്തോടെ കലാശപ്പോരാട്ടത്തിലേക്ക് മാർച്ച് ചെയ്യുകയുമായിരുന്നു.

facebooktwitterreddit