പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ സാധ്യതാ ഇലവൻ ഇങ്ങനെ...

ഫുട്ബോൾ മൈതാനത്തെ ചൂടുപിടിപ്പിക്കാൻ പോകുന്ന പോരാട്ടമാണ് ഈ മാസം 29ന് ചാമ്പ്യൻസ് ലീഗിൽ നടക്കുക. ഫുട്ബോൾ ലോകം ഒന്നടങ്കം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തിൽ ഏറ്റുമുട്ടുന്നത് യൂറോപ്പിലെ വമ്പൻ ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയുമാണ്. ചാമ്പ്യൻസ് ലീഗിൽ ഇക്കുറി കിരീട പ്രതീക്ഷകളുമായെത്തുന്ന ഇരു ടീമുകളും തമ്മിൽ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ നേർക്കുനേർ വന്നിരിക്കുന്നത് ഫുട്ബോൾ ലോകത്തെ ഏറെ ത്രില്ലടിപ്പിക്കുന്നുണ്ട്.
പാരീസ് സെന്റ്-ജെർമ്മന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന ഈ മത്സരത്തിൽ ഇരു ടീമുകളിലുമായി ലോക ഫുട്ബോളിലെ ഒട്ടേറെ സൂപ്പർ താരങ്ങൾ അണിനിരക്കുന്നു. ലയണൽ മെസിയും, നെയ്മറും, കെയ്ലിൻ എംബാപ്പെയും, ഏഞ്ചൽ ഡി മരിയയും കളിക്കുന്ന പിഎസ്ജിയും, ജാക്ക് ഗ്രീലിഷ്, കെവിൻ ഡി ബ്രൂയിൻ, റിയാദ് മഹ്രസ് എന്നിവർ അണിനിരക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും കടലാസിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നു. ചാമ്പ്യൻസ് ലീഗിലെ ഈ ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സാധ്യതാ ഇലവൻ എങ്ങനെയായിരിക്കുമെന്ന് നോക്കാം...
1. ഗോൾകീപ്പർ & പ്രതിരോധ താരങ്ങൾ
എഡേഴ്സൺ (ഗോൾകീപ്പർ) - ഗോൾ വലക്ക് മുന്നിലെ വിശ്വസ്തനായ എഡേഴ്സൺ തന്നെയാകും പിഎസ്ജിക്കെതിരെയും സിറ്റി വല കാക്കുക. നെയ്മർ, മെസി, എംബാപ്പെ, ഡി മരിയ എന്നിവർ അണിനിരക്കുന്ന ഫ്രഞ്ച് ക്ലബ്ബിന്റെ മുന്നേറ്റ നിരക്കെതിരെ എഡേഴ്സണ് പിടിപ്പത് പണിയുണ്ടാകും
കൈൽ വാക്കർ (റൈറ്റ് ബാക്ക്) - അതിവേഗത്തിലുള്ള എംബാപ്പെക്കെതിരെ കൈൽ വാക്കറുടെ പ്രകടനം പിഎസ് ജിക്ക് നിർണായകമാകും.
റൂബൻ ഡയസ് (സെന്റർബാക്ക്) - കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ഡയസ്, ഇക്കുറിയും മികച്ച ഫോമിലാണുള്ളത്. നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സെന്റർ-ബാക്ക് താരങ്ങളിലൊരാളാണ് ഡയസ്.
അയ്മെറിക്ക് ലപ്പോർട്ടെ (സെന്റർബാക്ക്) - ജോൺ സ്റ്റോൺസിന്റെ അഭാവത്തിൽ ലഭിച്ച അവസരങ്ങൾ വളരെ മികച്ച രീതിയിൽ മുതലാക്കിയ ലപ്പോർട്ടെ, പിഎസ്ജിക്കെതിരെ സിറ്റിയുടെ സെന്റർ-ബാക്ക് സ്ഥാനത്ത് കളിക്കാനുണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
കാൻസലോ (ലെഫ്റ്റ് ബാക്ക്) - മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിളയുടെ തന്ത്രങ്ങളിലെ പ്രധാനിയാണ് കാൻസലോ. ചെൽസിക്കെതിരെയും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്.
2. മധ്യനിര താരങ്ങൾ
റോഡ്രി (ഡിഫൻസീവ് മിഡ്) - ഗ്വാർഡിയോളയുടെ മറ്റൊരു ഫേവറിറ്റ് കളികാരിലൊരാൾ. പന്തിൽ ആധിപത്യം സ്ഥാപിക്കാനും, പിഎസ്ജിയുടെ ടച്ചുകൾ പരിമിതപ്പെടുത്താനും റോഡ്രിയെ പെപ്, ടീമിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബെർണാഡോ സിൽവ (സെൻട്രൽ മിഡ്) - ഇക്കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് കരുതപ്പെട്ടിരുന്ന താരം നിലവിൽ മികച്ച ഫോമിലാണ് കളിക്കുന്നത്.
കെവിൻ ഡി ബ്രൂയിൻ (സെൻട്രൽ മിഡ്) - നിലവിൽ ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാൾ. പിഎസ്ജിക്കെതിരെ, സിറ്റിയുടെ മധ്യനിരയെ മുന്നിൽ നിന്ന് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
3. മുന്നേറ്റതാരങ്ങൾ
റിയാദ് മഹ്രസ് (റൈറ്റ് വിങ്) - അൾജീരിയൻ താരമായ മഹ്രസ്, കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ഇരുപാദങ്ങളിലുമായി മൂന്ന് ഗോളുകൾ പിഎസ്ജിക്കെതിരെ നേടിയിരുന്നു. ഇക്കുറിയും ടീമിന്റെ ആക്രമണത്തിലെ പ്രധാനി.
ഫെറാൻ ടോറസ് (സ്ട്രൈക്കർ) - പിഎസ്ജിക്കെതിരെ സിറ്റിയുടെ സ്ട്രൈക്കർ സ്ഥാനത്ത് ടോറസിന്റെ സ്ഥാനം ഉറപ്പ്.
ജാക്ക് ഗ്രീലിഷ് (ലെഫ്റ്റ് വിങ്) - 2021-22 സീസൺ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ആർ ബി ലെപ്സിഗിനെതിരെ വല കുലുക്കിയ ഗ്രീലിഷിന്, പിഎസ്ജിക്കെതിരെയും ടീമിൽ നിർണായക ദൗത്യമാകും പരിശീലകൻ പെപ് ഗ്വാർഡിയോള നൽകുക.