Football in Malayalam

മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്കിടയിൽ പ്രധാന ചർച്ചാവിഷയമായി റൊണാൾഡോ; താരത്തിന്റെ വരവ് പ്രതീക്ഷിച്ച് ആവേശ ഭരിതരായി ടീം

Gokul Manthara
Udinese Calcio v Juventus - Serie A
Udinese Calcio v Juventus - Serie A / Alessandro Sabattini/Getty Images
facebooktwitterreddit

യുവന്റസ് വിടാൻ തയ്യാറെടുക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് സൂചനകൾ. താരത്തിന് രണ്ട് വർഷത്തെ കരാർ സിറ്റി വാഗ്ദാനം ചെയ്തതായും, ക്ലബ്ബുമായുള്ള വ്യക്തിഗത വ്യവസ്ഥകൾ റോണോ അംഗീകരിച്ചെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിനോട് വളരെ അടുത്തു കഴിഞ്ഞത് ക്ലബ്ബിലെ താരങ്ങളേയും ആവേശഭരിതരാക്കിയിട്ടുണ്ടെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്ഫർ നടക്കുന്നതിന് ഇനിയും നിരവധി കടമ്പകളുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം കളിക്കുന്നതിനെക്കുറിച്ച് സിറ്റി താരങ്ങൾ ചർച്ച തുടങ്ങിക്കഴിഞ്ഞതായി ദി ടെലിഗ്രാഫാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പരിശീലന സെഷനിലെ ‌പ്രധാന ചർച്ചാ വിഷയം 'റൊണാൾഡോ' ആയിരുന്നുവെന്നും പോർച്ചുഗീസ് ടീമിൽ റോണോയുടെ സഹതാരമായ ജോവോ കാൻസലോയോട് അദ്ദേഹത്തിന്റെ പരിശീലന രീതികളെക്കുറിച്ചും, പരിശീലന മൈതാനത്തിന് പുറത്ത് അദ്ദേഹം എന്തൊക്കെ പ്രവർത്തിയാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചും സിറ്റി താരങ്ങൾ അന്വേഷിച്ചതായും ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നു.

റൊണാൾഡോയുടെ വരവ് മാഞ്ചസ്റ്റർ സിറ്റിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന ക്ലബ്ബിലെ താരങ്ങൾ, ഒരു ഓർത്തഡോക്സ് നമ്പർ 9 എന്ന നിലയിൽ താരം ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും വിശ്വസിക്കുന്നു

അതേ സമയം റൊണാൾഡോയെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുണ്ടെങ്കിലും ഈ നീക്കത്തിന്റെ ഭാഗമായി യുവന്റസിന് ട്രാൻസ്ഫർ ഫീ നൽകാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറല്ലെന്നാണ് സൂചനകൾ. എന്നാൽ റൊണാൾഡോയെ ഒരു കാരണവശാലും ഫ്രീ ട്രാൻസ്ഫറിൽ ഇക്കുറി ക്ലബ്ബ് വിടാൻ അനുവദിക്കില്ലെന്ന് താരത്തിന്റെ ഏജന്റുമായി നടത്തിയ ചർച്ചയിൽ യുവന്റസ് വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. എന്തായാലും സമ്മർ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാന ആഴ്ചയിലേക്ക് കടന്നു കഴിഞ്ഞതിനാൽ റൊണാൾഡോ ട്രാൻസ്ഫറിൽ വരും ദിവസങ്ങളിൽ വലിയ ട്വിസ്റ്റുകൾ തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit