പതിനഞ്ചു മില്യൺ നൽകി മെസിയെ സ്വന്തമാക്കാനുള്ള പദ്ധതിയുമായി മാഞ്ചസ്റ്റർ സിറ്റി

Lionel Messi
Getafe CF v FC Barcelona - La Liga Santander | Quality Sport Images/Getty Images

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസിയെ സ്വന്തമാക്കാമെന്ന ആഗ്രഹം നടന്നില്ലെങ്കിലും അതിനുള്ള നീക്കങ്ങൾ അവസാനിപ്പിക്കാതെ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി. ഈ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന താരത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാനാണ് സിറ്റി ഒരുങ്ങുന്നത്. മുപ്പത്തിമൂന്നുകാരനായ താരത്തെ പതിനഞ്ചു മില്യൺ പൗണ്ട് നൽകി സ്വന്തമാക്കാൻ സിറ്റി ഒരുങ്ങുന്നുവെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി സ്റ്റാറാണ് റിപ്പോർട്ടു ചെയ്യുന്നത്.

തന്റെ കരാറിലെ ഉടമ്പടിയനുസരിച്ച് ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ അനുവദിക്കണമെന്ന് മെസി കഴിഞ്ഞ സീസണു ശേഷം ബാഴ്‌സലോണയെ അറിയിച്ചിരുന്നു. ക്ലബ് നേതൃത്വത്തോടുള്ള അസംതൃപ്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ മെസിയെ സഹായിച്ചത്. എന്നാൽ മെസിയുടെ ആവശ്യം തള്ളിയ ബാഴ്‌സ നേതൃത്വം റിലീസ് ക്ളോസ് നിലനിൽക്കുമെന്ന വാദമുയർത്തുകയും ലാ ലിഗ അതിനെ പിന്തുണക്കുകയും ചെയ്തതോടെ താരം ക്ലബിനൊപ്പം തുടരാൻ തീരുമാനിക്കുകയുമായിരുന്നു.

മെസി ക്ലബ് വിടുകയാണെങ്കിൽ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു. എന്നാൽ ആ സ്വപ്നം തകർന്നതോടെ ജനുവരിയിൽ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ക്ലബ് നടത്തുന്നത്. ഈ സീസണ് ശേഷം താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനുള്ള സാധ്യതയുള്ളതു കൊണ്ട് താരത്തിനു വേണ്ടി നിശ്ചിത തുക വാഗ്ദാനം ചെയ്താൽ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതയുണ്ടെന്നാണു സിറ്റി നേതൃത്വം പ്രതീക്ഷിക്കുന്നത്. സിറ്റിയുടെ ഓഫർ ബാഴ്‌സ പരിഗണിച്ചില്ലെങ്കിൽ ട്രാൻസ്ഫർ തുക ഇംഗ്ലീഷ് ക്ലബ് ഉയർത്താനുള്ള സാധ്യതയുമുണ്ട്.

സിറ്റിയുടെ ഫുട്ബോൾ ഓപ്പറേഷൻസിന്റെ ചീഫായ ഒമർ ബെറാഡ താരത്തെ സ്വന്തമാക്കാനുള്ള ക്ലബിന്റെ ആഗ്രഹം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിലെ ബാഴ്‌സ പരിശീലകനായ കൂമാനു കീഴിൽ തന്റെ മികവു പൂർണമായും പുറത്തെടുക്കാൻ കഴിയാത്തതിനാൽ മെസി ടീം വിടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഈ സീസണിൽ നാല് ലാ ലീഗ മത്സരം കഴിഞ്ഞപ്പോൾ ഒരു പെനാൽറ്റി ഗോൾ മാത്രമാണ് കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററുടെ പേരിലുള്ളത്.