Champions League

മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് ഷെയ്ഖ് മൻസൂറിന്റെ സ്നേഹസമ്മാനം, ഫൈനലിനെത്തുന്ന ആരാധകരുടെ മുഴുവൻ ചിലവുകളും വഹിക്കും

Sreejith N
Manchester city owner Sheikh Mansour bin
Manchester city owner Sheikh Mansour bin / ANDREW YATES/Getty Images
facebooktwitterreddit

ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്ന ലക്ഷ്യവുമായി മെയ് 29നു രാത്രി നടക്കുന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുമ്പോൾ ആരാധകർക്ക് സ്നേഹസമ്മാനവുമായി ക്ലബ് ഉടമയായ ഷെയ്ഖ് മൻസൂർ. ഫൈനലിൽ കളിക്കുന്ന ഓരോ ടീമിന്റെയും ആറായിരം ആരാധകർക്ക് കാണികളായി പങ്കെടുക്കാം എന്നിരിക്കെ മാഞ്ചസ്റ്റർ സിറ്റിയെ പിന്തുണക്കാൻ മൈതാനത്തെത്തുന്ന മുഴുവൻ ആരാധകരുടെയും ചിലവു പൂർണമായും ഷെയ്ഖ് മൻസൂർ വഹിക്കും.

നേരത്തെ തുർക്കിയിലെ ഇസ്‌താംബൂളിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും യുകെ ഗവൺമെന്റ് തുർക്കിയെ കോവിഡ് അപകടസാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്ന കാരണത്താൽ പോർചുഗലിലെ പോർട്ടോയിലേക്ക് മത്സരം മാറ്റുകയായിരുന്നു. വെംബ്ലിയിൽ വെച്ച് മത്സരം നടത്തണമെന്ന ആവശ്യവും ഉയർന്നിരുന്നെങ്കിലും ഇംഗ്ലണ്ടിലെ കടുത്ത ക്വാറന്റൈൻ നിയമങ്ങൾ അതിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനെ തുടർന്നാണ് പോർട്ടോയെ തിരഞ്ഞെടുത്തത്.

ആരാധകർക്കുള്ള തന്റെ സമ്മാനത്തെക്കുറിച്ച് ഷെയ്ഖ് മൻസൂർ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. "വളരെയധികം പ്രതിസന്ധി നേരിട്ട ഒരു വർഷമായിരുന്നിട്ടു കൂടി പെപ്പും ടീമും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത് മികച്ചൊരു സീസൺ അടയാളപ്പെടുത്തുന്നതിനൊപ്പം ക്ലബിന്റെ ചരിത്രത്തിലെ തന്നെ നിർണായക സംഭവമാണ്. നല്ല സമയത്തും മോശം സമയത്തും മാഞ്ചസ്റ്റർ സിറ്റിയെ പിന്തുണച്ച ആരാധകരിൽ ഒരു വിഭാഗത്തിന് ഈ മത്സരം കാണാനുള്ള അവസരം ലഭിച്ചതും വളരെ പ്രധാനപ്പെട്ട കാര്യമാണ്."

കോവിഡ് മഹാമാരിയുടെ ആഘാതം മൂലം ആരാധകർ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്ത് യാത്രയുടെയും ടിക്കറ്റിന്റെയും ഭാഗമായി വരുന്ന ബാധ്യതയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാൻ ഷെയ്ഖ് മൻസൂറിന്റെ തീരുമാനം സഹായിക്കുമെന്ന് ക്ലബിന്റെ ചെയർമാനായ ഖൽദൂൻ അൽ മുബാറക്ക് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റി ആദ്യമായി കളിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്നതിനൊപ്പം തന്നെ ബാഴ്‌സലോണ വിട്ടതിനു ശേഷം ആദ്യമായി പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഒരു ടീം കളിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലെന്ന പ്രത്യേകത കൂടി കലാശപ്പോരാട്ടത്തിനുണ്ട്. ആരാധകർ കൂടി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നതോടെ അത്യന്തം ആവേശം നിറഞ്ഞതായിരിക്കും മത്സരമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

facebooktwitterreddit