പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ട്രാൻസ്ഫർ നടത്താനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി; ഗ്രീലിഷിനായി ഓഫർ ചെയ്തത് വമ്പൻ തുക

പ്രീമിയർ ലീഗിലെ ഏറ്റവും ചെലവേറിയ ട്രാൻസ്ഫറിലൂടെ ഇംഗ്ലീഷ് സൂപ്പർ താരം ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ കുറച്ച് നാളുകളായി ഗ്രീലിഷിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തുള്ള സിറ്റി, താരത്തിനായി 100 മില്ല്യൺ പൗണ്ടെന്ന കണ്ണഞ്ചിപ്പിക്കുന്ന ഓഫർ മുന്നോട്ടു വെച്ചതായും ഗ്രീലിഷിന്റെ ക്ലബ്ബായ ആസ്റ്റൺ വില്ല ഈ വമ്പൻ ഓഫർ സ്വീകരിക്കുമെന്നുമാണ് പുറത്ത് വരുന്ന സൂചനകൾ. പ്രശസ്ത ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
നേരത്തെ ടോട്ടൻഹാം ഹോട്സ്പറിൽ നിന്ന് ഹാരി കെയിനെ സ്വന്തമാക്കുന്നതിനായിരുന്നു ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റി മുൻഗണന നൽകിയിരുന്നത്. എന്നാൽ ഹാരി കെയിന് വേണ്ടിയുള്ള നീക്കം ഫലപ്രാപ്തിയിലെത്തുന്ന കാര്യം ഇപ്പോൾ സംശയത്തിലാണ്. ഈ സാഹചര്യത്തിൽ ജാക്ക് ഗ്രീലിഷ് ക്ലബ്ബിന്റെ മുൻ ഗണനാ ട്രാൻസ്ഫർ ലക്ഷ്യമായി മാറിക്കഴിഞ്ഞുവെന്നാണ് സൂചനകൾ.
?BREAKING: Exclusive from @JPercyTelegraph that Manchester City make £100million offer for Jack Grealish
— Telegraph Football (@TeleFootball) July 30, 2021
Details here ➡️ https://t.co/ZbX5f8Zi9h
മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള, ജാക്ക് ഗ്രീലിഷിന്റെ ആരാധകനാണെന്നും, ഗ്വാർഡിയോളയുടെ പ്രത്യേക താല്പര്യം അദ്ദേഹത്തിനായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കങ്ങൾക്ക് പിന്നിലുണ്ടെന്നുമാണ് സൂചനകൾ. കണ്ണഞ്ചിപ്പിക്കുന്ന ഓഫർ താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്ന സിറ്റിക്ക് ഗ്രീലിഷിനെ ഇക്കുറി വില്ലയിൽ നിന്ന് തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ കഴിയുമെന്നാണ് ഫുട്ബോൾ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം 2013 മുതൽ ആസ്റ്റൺ വില്ലയുടെ താരമായ ജാക്ക് ഗ്രീലിഷ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉജ്ജ്വല ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. 2020-21 സീസണിൽ വില്ലക്കായി കളിച്ച 27 മത്സരങ്ങളിൽ 7 ഗോളുകളും, 12 അസിസ്റ്റുകളും നേടിയ ഈ ഇരുപത്തിയഞ്ചുകാരൻ നിലവിൽ ഇംഗ്ലീഷ് ദേശീയ ടീമിന്റേയും പ്രധാന താരങ്ങളിലൊരാളാണ്.