Football in Malayalam

റൊണാൾഡോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി രംഗത്ത്,എന്നാൽ ഇതിനായി ട്രാൻസ്ഫർ ഫീ മുടക്കാൻ ക്ലബ്ബ് തയ്യാറല്ലെന്ന് സൂചന

Gokul Manthara
Udinese Calcio v Juventus - Serie A
Udinese Calcio v Juventus - Serie A / Quality Sport Images/Getty Images
facebooktwitterreddit

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടാൻ ആഗ്രഹിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താല്പര്യമുണ്ടെന്ന് റിപ്പോർട്ട്. മുപ്പത്തിയാറുകാരനായ റോണോക്ക് സീസണിൽ‌ 15 മില്ല്യൺ യൂറോ പ്രതിഫലത്തിൽ രണ്ട് വർഷത്തെ കരാർ വാഗ്ദാനം ചെയ്യാൻ സിറ്റി തയ്യാറാണെന്നും എന്നാൽ ഈ നീക്കത്തിന്റെ ഭാഗമായി യുവന്റസിന് ട്രാൻസ്ഫർ ഫീ നൽകാൻ അവർക്ക് താല്പര്യമില്ലെന്നുമാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്ത. സ്കൈ ഇറ്റാലിയാണ് ഇപ്പോൾ ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

എന്നാൽ തങ്ങളുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കുന്ന റോണോയെ വിട്ടു നൽകാൻ 25 മില്ല്യൺ യൂറോയെങ്കിലും ട്രാൻസ്ഫർ ഫീയിനത്തിൽ യുവന്റസ് ആഗ്രഹിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. പക്ഷേ ഇതിന് മാഞ്ചസ്റ്റർ സിറ്റി തയ്യാറാകുമോയെന്നത് കണ്ടിയണം. റോണോയെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും താരത്തിനായി സിറ്റി ഇതു വരെ ഔപചാരികമായ ഓഫറുകളൊന്നും സമർപ്പിച്ചിട്ടില്ലെന്നാണ് സൂചന. സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉടൻ അതുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം 2018 ൽ യുവന്റസിലെത്തിയ റോണോ താൻ ഇക്കുറി ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഇതു വരെ ക്ലബ്ബിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് സൂചനകൾ. 2022 ജൂൺ വരെ ഇറ്റാലിയൻ ക്ലബ്ബുമായി കരാറുള്ള താരത്തിന് നികുതി ഒഴിച്ച് പ്രതിവർഷം 31 മില്ല്യൺ യൂറോയാണ് ഇപ്പോൾ യുവന്റസിൽ നിന്ന് ലഭിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇക്കുറി റൊണാൾഡോയെ ടീമിലെത്തിക്കാൻ താല്പര്യമുള്ള ഒരേയൊരു ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി. നേരത്തെ പി എസ് ജിയുടെ പേരും താരവുമായി ബന്ധപ്പെടുത്തി പറഞ്ഞു കേട്ടെങ്കിലും ഇപ്പോൾ അവർ ചിത്രത്തിലില്ല. റൊണാൾഡോയെ മാഞ്ചസ്റ്റർ സിറ്റിക്ക് കൈമാറുന്ന ഇടപാടിന്റെ ഭാഗമായി സിറ്റിയിൽ നിന്ന് ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ യുവന്റസിന് താല്പര്യമുണ്ടെന്നും അതിനിടെ റിപ്പോർട്ടുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ ജീസസിനെ വിൽക്കാൻ സിറ്റിക്ക് താല്പര്യമില്ലെന്നാണ് അറിയാൻ കഴിയുന്നത്.

facebooktwitterreddit