ഫ്രെങ്കീ ഡി ജോംഗിനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്


ബാഴ്സലോണ മധ്യനിര താരമായ ഫ്രെങ്കീ ഡി ജോങിനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്. ഡച്ച് മധ്യനിരതാരം വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സമയത്താണ് ഡി ജോംഗിനെ സ്വന്തമാക്കാൻ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കും താൽപര്യമുണ്ടെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നത്.
സമ്മർ ട്രാൻസ്ഫർ ജാലകം അടുത്തതോടെ ഡി ജോംഗ് ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ബാഴ്സലോണ ഇതുവരെയും ക്ലബിന്റെ ശൈലിയുമായി പൂർണമായും ഇണങ്ങിച്ചേരാൻ കഴിയാത്ത താരത്തെ മികച്ച തുക ലഭിച്ചാൽ വിൽക്കുന്നതു പരിഗണിക്കുമെന്ന സൂചനകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതോടെ ഡി ജോംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ആദ്യം പുറത്തു വന്നതെങ്കിലും അതിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയും കളത്തിലിറങ്ങിയത് താരത്തിനായുള്ള മത്സരം മുറുകാൻ സാധ്യതയുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്.
മാഞ്ചസ്റ്റർ സിറ്റിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും പുറമെ പിഎസ്ജിയാണ് ഡി ജോംഗിൽ താൽപര്യമുണ്ടായിരുന്ന മറ്റൊരു ക്ലബ്. ബയേൺ മ്യൂണിക്ക് നേരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിട്ടുള്ള താരത്തെ ലെവൻഡോസ്കി ട്രാൻസ്ഫറിൽ ഉൾപ്പെടുത്താൻ അവർ ശ്രമിക്കാനുള്ള സാധ്യതയുമുണ്ട്.
ഡി ജോംഗിനായി വമ്പൻ തുക മുടക്കാൻ സിറ്റി തയ്യാറാകില്ലെന്നും ഒരു താരത്തെ ഡീലിൽ ഉൾപ്പെടുത്താൻ അവർ ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ബാഴ്സലോണ ആവശ്യപ്പെട്ടാലല്ലാതെ ഡി ജോംഗ് ക്ലബ് വിടാനുള്ള സാധ്യതയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.