Premier League

ലൈസ്റ്റർ സിറ്റിയോടു പരാജയപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റിക്കു പ്രീമിയർ ലീഗ് കിരീടം

Sreejith N
FBL-ENG-PR-MAN CITY-CHELSEA
FBL-ENG-PR-MAN CITY-CHELSEA / SHAUN BOTTERILL/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലൈസ്റ്റർ സിറ്റി വിജയം സ്വന്തമാക്കിയതോടെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഇനി മൂന്നു മത്സരങ്ങൾ കളിക്കാൻ ബാക്കി നിൽക്കെയാണ് പെപ് ഗ്വാർഡിയോളയും സംഘവും നാലു വർഷത്തിനിടെ അവരുടെ മൂന്നാം ലീഗ് കിരീടമുയർത്തിയത്. 35 മത്സരങ്ങളിൽ നിന്നും എൺപതു പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയേക്കാൾ പത്തു പോയിന്റ് പുറകിലാണ് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്. സിറ്റിയുടെ അഞ്ചാമത്തെ പ്രീമിയർ ലീഗ് കിരീടമാണിത്.

അഞ്ചു ദിവസത്തിനിടെ മൂന്നു മത്സരങ്ങൾ കളിക്കാൻ ബാക്കിയുള്ളതു കൊണ്ടു തന്നെ പത്തു മാറ്റങ്ങളുമായി സോൾഷെയർ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ഇറക്കിയത് ലൈസ്റ്റർ സിറ്റിക്കും മാഞ്ചസ്റ്റർ സിറ്റിക്കും തുണയാവുകയായിരുന്നു. പത്താം മിനുട്ടിൽ ലൂക്ക തോമസിലൂടെ മുന്നിലെത്തിയ ലൈസ്റ്റർ സിറ്റിക്കെതിരെ അഞ്ചു മിനുട്ടിനകം ഗ്രീൻവുഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചെങ്കിലും പ്രതിരോധതാരം സോയൻകുവിന്റെ അറുപത്തിയാറാം മിനുട്ടിൽ ലൈസ്റ്ററിനെ വിജയത്തിലെത്തിച്ചു.

പ്രീമിയർ ലീഗ് നേടിയതോടെ ഈ സീസണിൽ ട്രിബിൾ കിരീടനേട്ടത്തിനായി സിറ്റിക്കു മുൻപിലുള്ളത് ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയം കൂടി മാത്രമാണ്. മെയ് 29നു നടക്കാനിരിക്കുന്ന കലാശപ്പോരാട്ടത്തിൽ ചെൽസിയെ നേരിടാനിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് വിജയം നേരത്തെ സ്വന്തമാക്കിയിരുന്നു. സീസണിന്റെ തുടക്കത്തിലെ പരിമിതികളെ സമർത്ഥമായി മറികടന്നാണ് സിറ്റി രണ്ടു കിരീടങ്ങൾ ഇതു വരെ സ്വന്താമാക്കിയത്.

കഴിഞ്ഞ സീസൺ വൈകിയവസാനിച്ചതും പ്രീ സീസൺ തയ്യാറെടുപ്പുകളും മികച്ച ട്രാൻസ്ഫറുകളും വേണ്ടത്ര നടക്കാതിരുന്നതും സീസണിന്റെ തുടക്കത്തിൽ സിറ്റിയെ ബാധിച്ചിരുന്നു. ആദ്യ പന്ത്രണ്ടു മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രം വിജയിച്ച ടീം ഈ സീസണിലും കഴിഞ്ഞ തവണത്തേതു പോലെ കിരീടം നഷ്ടപ്പെടുത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ഗ്വാർഡിയോളയുടെ തന്ത്രങ്ങളിൽ ഉയിർത്തെഴുന്നേറ്റ ടീം പ്രതിസന്ധികളെ മറികടന്ന് മികച്ച പ്രകടനം പുറത്തെടുത്തു തിരിച്ചു വരികയായിരുന്നു.

പ്രതിരോധത്തിൽ റൂബൻ ഡയസിന്റെ സാന്നിധ്യമാണ് ഈ സീസണിൽ സിറ്റിയുടെ കരുത്തെന്ന് നിസംശയം പറയാവുന്നതാണ്. അതിനു പുറമെ ഫിൽ ഫോഡൻ, ഗുൻഡോഗൻ, മഹ്‌റസ്, ഡി ബ്രൂയ്ൻ, സ്റ്റോൺസ് എന്നിവരും കഴിവിന്റെ പരമാവധി ഉയർന്നപ്പോൾ സിറ്റി കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കുകയായിരുന്നു. അതേസമയം അടുത്ത സീസണിൽ കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നീ ടീമുകളുടെ ശക്തമായ വെല്ലുവിളി സിറ്റിക്ക് മറികടക്കേണ്ടി വരും.

facebooktwitterreddit