Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലെത്തില്ല, താരം യുണൈറ്റഡിലേക്ക് തിരിച്ചെത്തും

By Gokul Manthara
Cristiano Ronaldo with former Man Utd manager Sir Alex Ferguson
Cristiano Ronaldo with former Man Utd manager Sir Alex Ferguson / Alex Livesey/Getty Images
facebooktwitterreddit

യുവന്റസ് വിടുമെന്നുറപ്പായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിന്മാറി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. അല്പം മുൻപ് പ്രശസ്ത ട്രാൻസ്ഫർ ജേണലിസ്റ്റായ ഫബ്രീസിയൊ റൊമാനോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

റൊണാൾഡോക്ക് വേണ്ടിയുള്ള ചർച്ചകൾ ഉപേക്ഷിക്കാൻ മാഞ്ചസ്റ്റർ സിറ്റി തീരുമാനിച്ചെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ റൊമാനോ, റൊണാൾഡോയുടെ ട്രാൻസ്ഫറിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തീരുമാനം വ്യക്തമാണെന്നും അദ്ദേഹം സിറ്റിയിലെത്തില്ലെന്നും കൂട്ടിച്ചേർത്തു.

നേരത്തെ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായ സമയത്ത് താരം ക്ലബ്ബുമായുള്ള വ്യക്തിഗത വ്യവസ്ഥകൾ അംഗീകരിച്ചതായും റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ വ്യക്തിഗത വ്യവസ്ഥകൾ അദ്ദേഹം അംഗീകരിച്ചിരുന്നില്ലെന്ന് റൊമാനോ അല്പം മുൻപ് നടത്തിയ തന്റെ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം മാഞ്ചസ്റ്റർ സിറ്റി റൊണാൾഡോക്കായുള്ള നീക്കത്തിൽ നിന്ന് പിന്മാറിയെന്ന് സ്ഥിരീകരിച്ചതിനൊപ്പം താരത്തിന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിനായി രംഗത്തെത്തിയെന്നും റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റൊണാൾഡോയേ ക്ലബ്ബിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായി ഇന്നലെ രാത്രി മുതൽ താരത്തിന്റെ ഏജന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ബന്ധപ്പെടുന്നുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച അദ്ദേഹം റൊണാൾഡോക്ക് സമർപ്പിക്കാനുള്ള ഔദ്യോഗിക കരാർ തയ്യാറാക്കുകയാണ് യുണൈറ്റഡെന്നും വ്യക്തമാക്കി.

റൊണാൾഡോക്ക് വേണ്ടിയുള്ള‌ റെഡ് ഡെവിൾസിന്റെ ഓഫർ ഉടൻ തന്നെ താരത്തിന്റെ ഏജന്റായ ജോർജ് മെൻഡിസിലേക്കെത്തുമെന്നും താരത്തെ സ്വന്തമാക്കാനാകുമെന്ന കാര്യത്തിൽ യുണൈറ്റഡിന് ഉറച്ച ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞ റൊമാനോ, പോൾ പോഗ്ബ, റോണോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട സംസാരങ്ങളിലൊന്നും വരുന്നില്ലെന്നും തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit