റൊണാൾഡോയെ ടീമിലെത്തിക്കുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്സ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി ശ്രമം നടത്തിയിരുന്നു
By Gokul Manthara

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയേക്കുമെന്നുള്ള സൂചനകൾ ശക്തമായിരുന്നു. സിറ്റിയിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നതിന് ശേഷമാണ് അപ്രതീക്ഷിതമായി തന്റെ മുൻ ക്ലബ്ബിലേക്ക് അദ്ദേഹം തിരിച്ചു പോയതെന്നതാണ് വാസ്തവം. എന്നാൽ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന മണിക്കൂറുകളിൽ റൊണാൾഡോയെ സ്വന്തമാക്കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്സലോണ താരം അൻസു ഫാറ്റിയെ ടീമിലെത്തിക്കുന്നതിനായി മാഞ്ചസ്റ്റർ സിറ്റി അന്വേഷണം നടത്തിയതായി ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.
റൊണാൾഡോയെ ടീമിലെത്തിക്കാനാകില്ലെന്ന് ഉറപ്പായതോടെ ഫാറ്റിയിൽ മാഞ്ചസ്റ്റർ സിറ്റി കണ്ണു വെച്ചതായും, താരവുമായി ഒരു കരാർ ഒപ്പിടുന്നതിന്റെ സാധ്യത അറിയാൻ അദ്ദേഹത്തിന്റെ ഏജന്റായ ജോർജ് മെൻഡസിനെ മാഞ്ചസ്റ്റർ സിറ്റി ബന്ധപ്പെട്ടതായും സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയാണ് ഇപ്പോൾ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
അതേ സമയം ഫാറ്റിക്ക് വേണ്ടി മാഞ്ചസ്റ്റർ സിറ്റി രംഗത്തെത്തിയെങ്കിലും ലയണൽ മെസിയെ അതിനോടകം നഷ്ടപ്പെട്ടിരുന്നതിനാൽ ബാഴ്സലോണ ആ ഓഫറിനോട് കാര്യമായ താല്ലര്യം കാണിച്ചില്ല. ക്യാമ്പ് നൗവിൽ തുടരുന്നതിന് ഫാറ്റിയും താല്പര്യം കാണിച്ചതായും, ഇതോടെ താരത്തിനായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കം പരാജയപ്പെടുകയായിരുന്നുവെന്നുമാണ് സൂചനകൾ.
അതേ സമയം, മെസി വിടവാങ്ങിയതോടെ ബാഴ്സലോണയിൽ ഫാറ്റിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. മെസി പോയതിന് പിന്നാലെ ക്ലബ്ബിന്റെ പത്താം നമ്പർ ജേഴ്സി ബാഴ്സലോണ ഫാറ്റിക്ക് നൽകിയത് ഇതിന്റെ സൂചനയാണ്. ബാഴ്സലോണയുടെ സീനിയർ ടീമിനായി ഇതു വരെ 43 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ പതിനെട്ടുകാരൻ 13 ഗോളുകൾ നേടിയതിനൊപ്പം 5 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.