Football in Malayalam

ഒലെ ഗുണ്ണാർ സോള്‍ഷ്യാര്‍ക്ക് പകരക്കാരനായി സിനദിൻ സിദാനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Haroon Rasheed
Real Madrid v Villarreal CF - La Liga Santander
Real Madrid v Villarreal CF - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന സിനദിൻ സിദാനെ ഒലെ ഗുണ്ണാർ സോൾഷ്യാറുടെ പകരക്കാരനായി ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടര്‍ തോല്‍വികള്‍ കാരണം സോള്‍ഷ്യാറുടെ യുണൈറ്റഡിലെ ഭാവി അവതാളത്തിലായിരിക്കുകയാണിപ്പോള്‍. സോൾഷ്യാറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കുകയാണെങ്കിൽ, ക്ലബ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്ന പേരുകളിൽ ഒന്നാണ് സിദാന്റേത്.

പ്രീമിയര്‍ ലീഗില്‍ അവസാനമായി കളിച്ച ആറു മത്സരങ്ങളിലും നാലെണ്ണത്തിലും യുണൈറ്റഡിന് തോല്‍വിയായിരുന്നു ഫലം. സ്വന്തം മൈതാനത്ത് ലിവര്‍പൂളിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോല്‍വി വഴങ്ങിയതോടെയായിരുന്നു സോള്‍ഷ്യാറെ മാറ്റണെന്ന മുറവിളി ഉയര്‍ന്നത്. എന്നാല്‍ പിന്നീട് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ സോള്‍ഷ്യാറുടെ മേലുള്ള സമ്മർദ്ദം കുറഞ്ഞു.

പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും പരാജയപ്പെട്ടതോടെയാണ് സോള്‍ഷ്യാറെ മാറ്റണമെന്ന കാര്യം വീണ്ടും ഉയര്‍ന്ന് വന്നത്. സോൾഷ്യാറെ പുറത്താക്കണമെന്ന കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, നോർവീജിയൻ പരിശീലകന് പകരക്കാരനായി പലരെയും ക്ലബ് പരിഗണിക്കുന്നുണ്ടെന്നാണ് വിവിധ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിദാന് പുറമെ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ബ്രണ്ടൻ റോഡ്‌ജേഴ്‌സ്, അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് എന്നിവരുടെ പേരും സോൾഷ്യാറുടെ പകരക്കാരനായി പറഞ്ഞ് കേൾക്കുന്നുണ്ട്.

ദി സണ്‍ഡൈ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം സോൾഷ്യാറുടെ പിൻഗാമിയായി സിദാനെ കൊണ്ട് വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും, റാഫേൽ വരാനുമായുള്ള സിദാന്റെ ബന്ധം, ഫ്രഞ്ച് പരിശീലകനെ ക്ലബ്ബിലേക്ക് കൊണ്ട് വരുന്നതിൽ സഹായകമാകുമെന്നും യുണൈറ്റഡ് വിശ്വസിക്കുന്നു.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം സിദാന്‍ ഒരു ക്ലബിന്റെയും പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടില്ല. റയല്‍ മാഡ്രിഡിനൊപ്പം രണ്ട് ലാലിഗ, മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടാന്‍ സിദാന് കഴിഞ്ഞിരുന്നു. ദിദിയര്‍ ദെഷാംപ്‌സ് ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ ആ സ്ഥാനം ഏറ്റെടുക്കാന്‍ സിദാന് ഒരുക്കമുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit