മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഹാലൻഡും എംബാപ്പയും ഉണ്ടെങ്കിൽ പോലും അവർ പ്രീമിയർ ലീഗ് നേടില്ലെന്ന് റിയോ ഫെർഡിനാൻഡ്

Man Utd Wouldn't Win EPL Even With Mbappe And Haaland
Man Utd Wouldn't Win EPL Even With Mbappe And Haaland / Soccrates Images/GettyImages
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡിനോട് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ തോറ്റു പുറത്തായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനവുമായി ക്ലബിന്റെ ഇതിഹാസതാരമായ റിയോ ഫെർഡിനാൻഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അടിമുടി മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം എംബാപ്പയും ഹാലൻഡും വന്നാൽ പോലും ഈ ടീം പ്രീമിയർ ലീഗ് കിരീടം നേടില്ലെന്നും അഭിപ്രായപ്പെട്ടു.

അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനത്തു നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരം 1-1നു സമനിലയിൽ പിരിഞ്ഞതിനു ശേഷം ഓൾഡ് ട്രാഫോഡിലാണ് രണ്ടാംപാദമെന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനു കൂടുതൽ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റങ്ങളെ സമർത്ഥമായി തടഞ്ഞ അത്ലറ്റികോ മാഡ്രിഡ് റെനൻ ലോദി നേടിയ ഒരേയൊരു ഗോളിലാണ് മത്സരം വിജയിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

"നിങ്ങൾ കിലിയൻ എംബാപ്പയെയും എർലിങ് ഹാലൻഡിനെയും ഈ സമ്മറിൽ ടീമിലെത്തിച്ചാൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് വിജയിക്കാൻ പോകുന്നില്ല. ആരെയാണ് നിങ്ങൾ കൊണ്ടു വരുന്നതെന്നല്ല വിഷയം. അത് മുകളിൽ നിന്നും താഴേക്കു വരെ ചെയ്യേണ്ടി വരും." ബിടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഫെർഡിനാൻഡ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് യാതൊരു കിരീടത്തിനും സാധ്യത ഇല്ലാതെയായി. പ്രീമിയർ ലീഗിലെ ടോപ് ഫോറാണ് അവരുടെ പ്രധാന ലക്ഷ്യമെങ്കിലും ആഴ്‌സണൽ, ടോട്ടനം ടീമുകൾ അതിൽ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാൽ പോലും മറ്റുള്ള ടീമുകളുടെ ഫലം കൂടി കണക്കാക്കിയേ ടോപ് ഫോർ സാധ്യതയുള്ളൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.