റൊണാൾഡോയില്ലായിരുന്നെങ്കിൽ ടോപ് ഫോറിനരികിൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുമായിരുന്നില്ലെന്ന് ഇയാൻ റൈറ്റ്


ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ നിൽക്കുന്ന സ്ഥാനത്തു പോലും ക്ലബ് എത്തുമായിരുന്നില്ലെന്ന് ലിവർപൂൾ ഇതിഹാസം ഇയാൻ റൈറ്റ്. മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച്ച് സിറ്റിക്കെതിരെ കളിച്ചതു പോലെയാണ് അടുത്ത മത്സരത്തിൽ കളിക്കുന്നതെങ്കിൽ ലിവർപൂൾ തകർത്തു വിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
നോർവിച്ച് സിറ്റിക്കെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ പ്രകടനത്തിൽ ഒരുപാട് പാളിച്ചകൾ ഉണ്ടായിരുന്നെങ്കിലും റൊണാൾഡോ ഹാട്രിക്കുമായി നിറഞ്ഞാടി ടീമിനു വിജയം സമ്മാനിച്ചിരുന്നു. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെതിരെ ഇറങ്ങുമ്പോഴും റൊണാൾഡോയിൽ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
Arsenal legend Ian Wright claims Man United would be 'nowhere near' top four without Cristiano Ronaldo https://t.co/aVRipGESFM
— MailOnline Sport (@MailSport) April 17, 2022
"റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അല്ലായിരുന്നെങ്കിൽ അവർ ഇപ്പോഴുള്ള സ്ഥാനത്തിന്റെ അടുത്തു പോലും എത്തില്ലായിരുന്നു. അതിനാണ് നിങ്ങൾ പണം മുടക്കിയത്, താരം പകരം നൽകുകയും ചെയ്തു. അദ്ദേഹം വിസ്മയിപ്പിക്കുന്ന താരമാണ്." പ്രീമിയർ ലീഗ് പ്രൊഡക്ഷന്സിനോട് ഇയാൻ റൈറ്റ് പറഞ്ഞു. ലിവർപൂളിനെതിരെ ഇറങ്ങുന്ന ടീമിന് മുന്നറിയിപ്പും അദ്ദേഹം നൽകി.
"ലീഗിന്റെ താഴെത്തട്ടിലുള്ള ഒരു ടീമായ നോർവിച്ച് സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രണ്ടു ഗോളുകൾ നേടിയതിനെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അവർക്ക് യുണൈറ്റഡ് പ്രതിരോധത്തെ തുറന്നെടുക്കാനും കഴിഞ്ഞിരുന്നു. അതുപോലെ യുണൈറ്റഡ് ലിവർപൂളിനെതിരെ കളിച്ചാൽ അവർ തകർത്തു കളയുമെന്നതിൽ സംശയമില്ല." അദ്ദേഹം വ്യക്തമാക്കി.
പ്രീമിയർ ലീഗിൽ ഇനി ആറു മത്സരം മാത്രം ബാക്കി നിൽക്കെ ടോപ് ഫോർ നേടാൻ അതിലൊരെണ്ണത്തിൽ പോലും പോയിന്റ് നഷ്ടമാക്കാൻ യുണൈറ്റഡിനു കഴിയില്ല. അതേസമയം ലീഗ് കിരീടം നേടാൻ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കേണ്ടത് ലിവര്പൂളിനും നിർബന്ധമാണ്. അതിനാൽ രണ്ടു ടീമുകളും തമ്മിലുള്ള മത്സരം വളരെ ആവേശം നിറഞ്ഞതാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.